സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1938 സെപ്തംബർ 29 ന് കൊല്ലം ജില്ലയിലെ കടയ്ക്കൽ ഐതിഹാസികമായൊരു സമരത്തിന് വേദിയായി. കടയ്ക്കൽ ചന്തയിലെ അന്യായ കരംപിരിവിനെതിരെ ജനം സംഘടിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ചന്തയിൽ സമരം ചെയ്ത ജനങ്ങളും പൊലീസും ഏറ്റുമുട്ടി. പൊലീസ് ഔട്ട്പോസ്റ്റ് തീയിട്ട് നശിപ്പിച്ച് പൊലീസിനെ നാടുകടത്തിയ ശേഷം കടയ്ക്കൽ പ്രദേശം സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. പിന്നീട് സർ സി.പിയുടെ പൊലീസും പട്ടാളവും എത്തി ഏറെ പണിപ്പെട്ടാണ് പ്രദേശം തിരിച്ചുപിടിച്ചത്. പൊലീസ് അതിക്രമത്തിൽ നിരവധി പേർ മരിച്ചു. നിരവധി പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇതിന്റെ സ്മാരകമായി കടയ്ക്കൽ ചന്തയ്ക്ക് സമീപം സമരസ്മാരകം നിർമ്മിച്ചിട്ടുണ്ട്. സമരവാർഷികം ഇന്നും സമുചിതമായി ആചരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വിപ്ളവം സൃഷ്ടിച്ചെന്ന ഖ്യാതിയുള്ള നാട്ടിൽ ഇപ്പോൾ അരങ്ങേറുന്ന മറ്റൊരു വിപ്ളവത്തിന്റെ വാർത്തകൾ നാടിന് നാണക്കേടുണ്ടാക്കുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും ഏറെ പ്രശസ്തമായതാണ്. മാർച്ച് 2 മുതൽ 16 വരെ നടന്ന ഉത്സവത്തിൽ. 9-ാം ദിനം മാർച്ച് 10 ന് വൈകിട്ട് നടന്ന ഗാനമേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ളവഗാനം പാടുകയും ഇൻക്വിലാബ് വിളിക്കുകയും ഡി.വൈ.ഫ്.ഐ യുടെ കൊടിയും സി.പി.എം പാർട്ടി ചിഹ്നവും പ്രദർശിപ്പിച്ചതും വിവാദമായതോടെ ദേവസ്വം ബോർഡ് വിശദീകരണം തേടുകയും ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയുമാണ്. സംഭവത്തിൽ പ്രതിഷേധം കടയ്ക്കലിന് പുറത്തേക്ക് വ്യാപിച്ച് സംസ്ഥാനതലത്തിൽ തന്നെ വ്യാപക ചർച്ചയായതോടെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക സംഘടനകളെല്ലാം രംഗത്തെത്തി. ക്ഷേത്രാചാരങ്ങൾ തകർക്കാനും ക്ഷേത്രോത്സവങ്ങൾ സി.പി.എമ്മിന്റെ പ്രചാരണ പരിപാടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസും ബി.ജെ.പിയും ഹിന്ദുസംഘടനകളും ആരോപണങ്ങളുമായെത്തി. ഇതിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ വ്യാപക പ്രക്ഷോഭത്തിന് ബി.ജെ.പിയും തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധപ്രകടനം നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതിയും നൽകി. കടയ്ക്കൽ, ചിതറ, മടത്തറ, ചടയമംഗലം പ്രദേശങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറെ സ്വാധീനമുള്ള മേഖലയുമാണ്. അതിന്റെ പ്രതിഫലനം ക്ഷേത്രോത്സവത്തിൽ വരെ എത്തിയതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത്.
'പുഷ്പനെ അറിയാമോ.....?'
സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലുണ്ടായ വെടിവയ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ 5 പേർ മരിക്കുകയും പുഷ്പൻ എന്ന പ്രവർത്തകൻ വർഷങ്ങളോളം ജീവച്ഛവമായി കിടക്കുകയും ചെയ്തു. വെടിവയ്പിന്റെ വാർഷിക ദിനത്തിൽ പ്രവർത്തകർ സ്ഥിരമായി പാടിയിരുന്ന പാട്ടാണ് 'പുഷ്പനെ അറിയാമോ , ഞങ്ങടെ പുഷ്പനെ അറിയാമോ...?' എന്നത്. അടുത്തിടെ പുഷ്പൻ മരിച്ച ശേഷം ഇങ്ങ് കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേളയിൽ ഇതേ ഗാനം ആലപിച്ചാണ് പാർട്ടി മുദ്രാവാക്യങ്ങളും പാർട്ടി കൊടിയും ചിഹ്നവുമെല്ലാം പ്രദർശിപ്പിച്ചതെന്നതാണ് മറ്റു പാർട്ടിക്കാരെയും നിഷ്പക്ഷമതികളായവരെയും പ്രകോപിപ്പിച്ചത്. അലോഷി ആദംസ് എന്നയാൾ ഗാനമേളയിൽ മറ്റൊരു ഗാനവും ആലപിച്ചപ്പോൾ സ്റ്റേജിന്റെ പിന്നിലെ എൽ.ഇ.ഡി സ്ക്രീനിൽ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങളും പാർട്ടി ചിഹ്നവും പ്രദർശിപ്പിക്കുകയും സദസിലുണ്ടായിരുന്ന സി.പി.എം നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. സംഭവം വിവാദമായപ്പോൾ സദസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പാട്ട് പാടിയതെന്ന് പറഞ്ഞ് അലോഷി പറഞ്ഞെങ്കിലും എല്ലാം മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് നടന്നതെന്ന് വ്യക്തമായിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ, മടത്തറ യൂണിറ്റുകളും സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റിയും ചേർന്നാണ് ഗാനമേള സ്പോൺസർ ചെയ്തിരുന്നത്. ഗായകൻ അലോഷിക്ക് സ്റ്റേജിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. വിക്രമൻ ഉപഹാരം നൽകിയതും വിവാദമായിരുന്നു.
ദേവസ്വം വിജിലൻസ്
അന്വേഷിക്കും
വിവാദസംഭവത്തെക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നും അതിനു മുന്നോടിയായി ക്ഷേത്രോപദേശക സമിതിയോട് വിശദീകരണം തേടുമെന്നും ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രാചാരങ്ങളെ രാഷ്ട്രീയപാർട്ടി പരിപാടികളുമായി ബന്ധിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായി ബോദ്ധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. സമിതിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിറമോ കൊടിയോ ദേവസ്വങ്ങളിൽ പാടില്ലെന്നാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിലെ ഗാനമേളയിൽ 'പുഷ്പനെ അറിയാമോ' എന്ന് ഭക്തജനങ്ങളോടാണോ ചോദിക്കുന്നതെന്ന് ആരാഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയതോടെ ഇക്കാര്യത്തിൽ രാഷ്ട്രീയവിവാദവും മുറുകുകയാണ്. ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉത്സവവേദിയെ പാർട്ടിവത്ക്കരിച്ച സി.പി.എം നടപടി മര്യാദ ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഗാനമേളക്ക് നേതൃത്വം നൽകിയത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും ഏരിയ സെക്രട്ടറിയുമാണ്. ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റിയും സി.പി.എമ്മിന്റെ പൂർണ നിയന്ത്രണത്തിലായതിനാൽ കഴിഞ്ഞ 11 വർഷമായി സ്ഥലം എം.പി കൂടിയായ തന്നെ ഒരു പരിപാടിയിലും പങ്കെടുപ്പിച്ചിട്ടില്ലെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർത്ത് കടയ്ക്കൽ ദേവീക്ഷേത്രത്തിൽ കമ്മ്യൂണിസ്റ്ര് സർവാധികാരം നടപ്പാക്കിയതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികലയും പ്രതികരിച്ചു. നിലവിലുള്ള ക്ഷേത്രോപദേശക സമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും ദേവസ്വം ബോർഡ് ജൂലായ് 19 വരെ നീട്ടി നൽകിയെന്ന വിവരവും ഇപ്പോൾ പുറത്തുവന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കും വരെ നീട്ടി നൽകണമെന്ന ഉപദേശക സമിതിയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇതെന്നാണ് ബോർഡിന്റെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയുടെ ചടയമംഗലം മണ്ഡലത്തിലെ പരിപാടിക്ക് ആദ്യം സ്ഥലം നിശ്ചയിച്ചിരുന്നത് കടയ്ക്കൽ ദേവീക്ഷേത്ര മൈതാനമായിരുന്നു. എന്നാൽ ഇതിനെതിരെ ചില ഭക്തർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ക്ഷേത്രങ്ങളെ രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയുടെ വേദിയാക്കരുതെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. തുടർന്ന് വേദി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.
ക്ഷേത്രങ്ങൾ സംഘർഷ
ഭൂമിയാകുമോ ?
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ കടന്നുകയറുകയും ഉത്സവങ്ങൾ പാർട്ടി പ്രചാരണത്തിനുള്ള വേദിയാക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ക്ഷേത്രഭൂമികൾ സംഘർഷത്തിന്റെ മേഖലകളായി മാറാനുള്ള സാദ്ധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേള വിവാദം. ഇതിന്റെ ചുവട് പിടിച്ച് മറ്റു രാഷ്ട്രീയ പാർട്ടികൾ കൂടി രംഗത്തെത്തിയാൽ ക്ഷേത്രങ്ങൾ സംഘർഷ ഭൂമിയായി മാറുമെന്നതിൽ സംശയമില്ല. കടയ്ക്കൽ പ്രദേശത്ത് സി.പി.എം കഴിഞ്ഞാൽ സ്വാധീനമുള്ള രാഷ്ട്രീയപാർട്ടിയാണ് ബി.ജെ.പി. ഇപ്പോഴത്തെ ഗാനമേള വിവാദം വരും ദിവസങ്ങളിൽ കൂടുതൽ തലങ്ങളിലേക്ക് വ്യാപിച്ചാൽ സംഘർഷസാദ്ധ്യത തള്ളിക്കളയാനാകില്ല. ക്ഷേത്രങ്ങളിൽ കാവിക്കൊടി ആകാമെങ്കിൽ ചുവന്ന കൊടിയും ആകാമെന്ന ന്യായീകരണവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ മുമ്പ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകവും വി.സാംബശിവന്റെ കഥാപ്രസംഗവുമൊക്കെ നടത്തിയിട്ടില്ലേ എന്നാണ് ന്യായീകരണക്കാരുടെ ചോദ്യം. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ പല ക്ഷേത്രങ്ങളിലും കലാപരിപാടികളുടെ പേരിൽ നടക്കുന്ന സദാചാര വിരുദ്ധവും ആഭാസകരവുമായ പരിപാടികളെ സംബന്ധിച്ചും വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. ക്ഷേത്രകലകളുമായോ ക്ഷേത്രാചാരങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത പരിപാടികളാണ് മിക്കയിടത്തും അരങ്ങേറുന്നത്. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്ന ഇത്തരം പരിപാടികളുടെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്തരിൽ നിന്ന് പിരിവെടുക്കുന്ന കോടികളാണ് ഇത്തരം പരിപാടികൾക്കായി ധൂർത്തടിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ഡി.ജെ യും എൽ.ഇ.ഡി ലൈറ്റുകളുമൊക്കെ ഉപയോഗിച്ച് കണ്ണഞ്ചിക്കുന്ന വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ദേവസ്വം ബോർഡ് ഈ വിഷയത്തിലും ഇടപെട്ട് ഉത്സവങ്ങളുമായി ബന്ധപ്പെട്ട നടത്തിപ്പിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ക്ഷേത്രങ്ങളെയും ആചാരങ്ങളെയും മാനിക്കുന്ന വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |