സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന മേട്ടുതറ നാരായണൻ വിടപറഞ്ഞിട്ട് ഇന്ന് പതിനാലു വർഷം തികയുന്നു (മരണം: 2011 മാർച്ച് 19). മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ അദ്ധ്യായമാണ് മേട്ടുതറ നാരായണന്റേത്. പുതുപ്പള്ളിയുടെ വിപ്ലവ സ്മരണകളിലും, തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമ്മകളിലും പോരാളിയായി അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.
ആലപ്പുഴ ജില്ലയിലെ പത്തിയൂരിൽ ജനിച്ച മേട്ടുതറ നാരായണൻ ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ രംഗത്ത് നൽകിയ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല. മൂല്യബോധത്തോടെയും ആദർശശുദ്ധിയോടെയുമാണ് അദ്ദേഹം രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലകൾ ഉയർന്നുവന്ന കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ചർക്കയിൽ നൂൽ നൂറ്റും ചർക്ക ക്ലാസുകൾ സംഘടിപ്പിച്ചും മഹാത്മാഗാന്ധി ആരംഭിച്ച ഹരിജൻ പത്രത്തിന്റെ കായംകുളത്തെ ഏജന്റും പ്രചാരകനുമൊക്കെയായി മേട്ടതറ ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചുനിന്ന് സ്വാതന്ത്ര്യസമര പ്രക്ഷോങ്ങളിൽ മുന്നിൽ നിന്നു. അറസ്റ്റും മർദ്ദനവും ജയിൽവാസവും അനുഭവിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി മേട്ടുതറയെ താമ്രപത്രം നൽകി ആദരിച്ചു. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നുവെങ്കിലും കോൺഗ്രസിന്റെ നയവ്യതിയാനങ്ങളോട് വിയോജിച്ച് 1949-ലാണ് മേട്ടുതറ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്. ഇന്ദിരാ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള പ്രതിക്ഷേധ സൂചകമായി സ്വാതന്ത്ര്യസമര സേനാനികൾക്ക് കേന്ദ്രസർക്കാർ നൽകിയുന്ന അഞ്ചേക്കർ സ്ഥലവും കേന്ദ്രപെൻഷനും മേട്ടുതറ വേണ്ടെന്നുവയ്ക്കുകയും ജീവിതാവസാനം വരെ ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.
എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ശങ്കരനാരായണൻ തമ്പി, ആർ. സുഗതൻ, വി.എസ്. അച്യുതാനന്ദൻ, കെ. കേശവൻ പോറ്റി, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, എൻ. ശ്രീധരൻ, തെങ്ങമം ബാലകൃഷ്ണൻ, ജി. കാർത്തികേയൻ തുടങ്ങിയവരോടൊപ്പമായിരുന്നു പിന്നീടുള്ള പ്രവർത്തനം. പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനു മുമ്പുള്ള ആലപ്പുഴ ജില്ലയിൽ മദ്ധ്യതിരുവിതാംകൂറിലെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രധാനമായും മേട്ടുതറയുടെ സംഘടനാ പ്രവർത്തനം. കശുഅണ്ടി തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സമരകാലം,
സഹനകാലം
കായംകുളം പൊലീസ് കമ്മ്യൂണിസ്റ്റ് നേതാക്കളെ അകാരണമായി ജയിലിലടച്ചപ്പോൾ അവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ മേട്ടുതറ അടക്കമുള്ളവരെ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തു, ക്രൂരമായി മർദ്ദിച്ച് വിചാരണയില്ലാതെ വർഷങ്ങളോളം ആലപ്പുഴ ജയിലിലടച്ചു. പൊലീസ് മർദ്ദനത്തിൽ മേട്ടുതറ മരിച്ചു എന്നുപോലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങൾ തോപ്പിൽ ഭാസിയുടെ 'ഒളിവിലെ ഓർമ്മകളി"ലും പുതുപ്പള്ളിയുടെ 'വിപ്ലവസ്മരണകളി"ലും വ്യക്തമാക്കിയിട്ടുണ്ട്.
വി.എസ് അച്ച്യുതാനൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോഴാണ് 1957-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. താലൂക്കിൽ നിന്ന് കൂടുതൽ എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ നേതൃത്വത്തിനു കഴിഞ്ഞു. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്ന് ചെങ്ങളത്ത് കൃഷ്ണപിള്ള, കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്ന് ആർ. സുഗതൻ, കായംകുളം മണ്ഡലത്തിൽ നിന്ന് കെ.ഒ. ഐഷാ ഭായി, ഭരണിക്കാവ് മണ്ഡലത്തിൽനിന്ന് എം.എൻ.ഗോവിന്ദൻ നായർ എന്നിവരെ നിയമസഭയിലെത്തിച്ചതിനു പിന്നിൽ മേട്ടുതറയുടെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.
മൂല്യങ്ങളിൽ
അടിയുറച്ച്
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റായി 16 വർഷത്തോളം പ്രവർത്തിച്ചു. വീടില്ലാത്ത പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതി പ്രകാരം നൂറുവീട് വച്ചു നൽകി. മിനി ഇന്റസ്ട്രിയൽഎസ്റ്റേറ്റ്, പത്തിയൂർ പഞ്ചായത്ത് യു.പി.സ്കൂളിനെ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതും, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്. പാർട്ടി ചുമതലകളിൽ നിൽക്കുമ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴും അഴിമതിക്കോ അധികാര ദുർവിനിയോഗത്തിനോ ശ്രമിച്ചില്ല. ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ പ്രതിബദ്ധത എല്ലാക്കാലത്തും സൂക്ഷിച്ചു.
പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി മേട്ടുതറ ധാരാളം ലഘുലേഖകൾ എഴുതി. ആദ്യകാലഘട്ടങ്ങളിൽ സാഹിത്യ രചനകളിലും ഏർപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാഹിത്യ, സാംസ്കാരിക പരിപാടികളിലും പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങൾ മേട്ടുതറ എന്നും പിന്തുടർന്നിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കാലഘട്ടത്തിലെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്തു. മേട്ടുതറയുടെ 'തിരിഞ്ഞു നോക്കുമ്പോൾ" എന്ന ആത്മകഥ ആ ജീവിതത്തിന്റെ തുടിക്കുന്ന താളുകളാണ്. ദീർഘമായ രാഷ്ട്രീയ ജീവിതത്തിന്റെ കനൽവഴികൾ സമഗ്രമായിത്തന്നെ ഈ ആത്മകഥ അടയാളപ്പെടുത്തുന്നു.
സാമൂഹ്യനീതി
അകലെത്തന്നെ!
ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി ഇങ്ങനെ ത്യാഗനിർഭരമായ ജീവിതം നയിച്ചവരുടേെയും രക്തസാക്ഷികളുടെയും ബലമുള്ള അടിത്തറയിലാണ് ഇന്നു കാണുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. അതിനുണ്ടാകുന്ന മൂല്യച്യുതി ആ പ്രസ്ഥാനങ്ങളുടെ തകർച്ചയ്ക്ക് വഴിവെട്ടുക മാത്രമല്ല, ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരുടെ ആത്മാവിനുപോലും വേദനയുളവാക്കുന്നതുമാണ്. ശ്രീനാരായണ ഗുരുദേവൻ പകർന്നു നൽകിയ നവോത്ഥാനമൂല്യങ്ങൾ ഏറ്റെടുത്ത് ആയിരക്കണക്കിന് ശ്രീനാരായണീയരാണ് സംസ്കാര സമ്പന്നമായ കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. കേരളത്തിന്റെ കാർഷിക, വ്യവസായ, തൊഴിൽ മേഖലകളിൽ അവരുടെ പ്രവർത്തനഫലമായി പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം, ഭരണകൂടങ്ങൾ ഇപ്പോഴും ഈ വിഭാഗത്തോടുള്ള അവഗണന തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
സാമൂഹ്യ നീതിക്കുവേണ്ടിയും ഈ അവഗണനയ്ക്കെതിരെയും ശ്രീനാരായണീയർ കൂടുതൽ സംഘടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതുസമൂഹത്തിനും പാർട്ടിക്കും വേണ്ടി ഇങ്ങനെ ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെ പാർട്ടി നേതൃത്വവും പ്രസ്ഥാനവും ശ്രദ്ധയോടെ കാക്കേണ്ടതാണ്. ഇവരുടെ സ്മരണകൾ നിലനിറുത്താതെ അവഗണിക്കുന്നത് രാഷ്ട്രീയ അല്പത്തമായേ കാണാൻ കഴിയൂ. മേട്ടുതറയുടെ മകൻ തമ്പി മേട്ടുതറ ശ്രീനാരായണീയ പ്രവർത്തനങ്ങളിലും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഒപ്പമുണ്ടെന്നുള്ളത് സന്തോഷം നൽകുന്നതാണ്. മേട്ടുതറയെപ്പോലുള്ളവരുടെ രാഷ്ട്രീയ, സാമൂഹിക ജീവിത മൂല്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുകയും ചെയ്യണം. ആദർശധീരനായ ആ വിപ്ലവ പോരാളിയുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |