ആലപ്പുഴ : കൊടുംചൂടും താപനിലയും സംബന്ധിച്ച് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും നിത്യേന മുന്നറിയിപ്പുകൾ നൽകുമ്പോഴും ദേശീയപാതയിൽ ബസ് കാത്തുനിൽക്കാൻ വേണ്ട ഷെൽട്ടറുകൾ ഒരുക്കുന്നതിൽ നടപടിയില്ല. ദേശീയപാത നിർമ്മാണം പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലും എടുക്കുമെന്നിരിക്കെ ഇപ്പോൾ കൊടുംചൂടും കാലവർഷമെത്തുമ്പോൾ പെരുമഴയും യാത്രക്കാർ സഹിക്കേണ്ടിവരും.
കത്തുന്ന വെയിലിൽ നിന്ന് രക്ഷനേടാൻ കുട ചൂടിയാണ് യാത്രക്കാർ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നത്. പരീക്ഷക്കാലമായതിനാൽ സ്കൂൾ,കോളേജ് കുട്ടികളും പൊരിവെയിലിലാണ് നിൽപ്പ്. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റപ്പെടുകയും കടകളും സ്ഥാപനങ്ങളും സർവീസ് റോഡിന് പുറത്തേക്ക് മാറ്റുകയും ചെയ്തതോടെ തണൽതേടാൻ ഇടമില്ലാത്ത സ്ഥിതിയാണ്. ചില സ്ഥലങ്ങളിൽ താൽക്കാലിക കച്ചവടക്കാരുടെ ഷെഡുകളും ടാർപോളിനുകളുമാണ് യാത്രക്കാർക്ക് അഭയം.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഴയപാതകൾ പൊളിക്കുകയും പുതിയ റോഡ് നിർമ്മിക്കുകയും ചെയ്യുന്നതനുസരിച്ച് വാഹനങ്ങൾ ട്രാക്ക് തിരിച്ചുവിടുന്നത് സഞ്ചാരപാതയ്ക്ക് വ്യത്യാസം വരുത്തും. ഇത് ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതി ൽ സാങ്കേതിക പ്രശ്നമുണ്ടാക്കും. വലിയ പണച്ചിലവില്ലാത്തതും മാറ്റിസ്ഥാപിക്കാൻ കഴിയുന്ന വിധത്തിലുള്ളതുമായ ഷാമിയാനപോലുള്ള ഷെൽട്ടറുകളാണ് പ്രായോഗികം.
ബദൽ സംവിധാനം ഒരുക്കിയില്ല
1. ഓച്ചിറ മുതൽ അരൂർ വരെ ചെറുതുംവലുതുമായ മുന്നൂറിലധികം ബസ് ഷെൽട്ടറുകളാണ് പൊളിച്ചുമാറ്റിയത്
2. ഇവ പൊളിച്ചുനീക്കപ്പെട്ടശേഷം താൽക്കാലികമായെങ്കിലും ബദൽസംവിധാനം സജ്ജമാക്കാൻ നടപടിയുണ്ടായില്ല
3. പണി പൂർത്തിയാകുമ്പോൾ സർവീസ് റോഡുകൾ കൂടി പരിഗണിച്ച് ഷെൽട്ടറുകൾ നിർമ്മിക്കാനാണ് പദ്ധതി
4. എന്നാൽ മണ്ണ് ക്ഷാമം മൂലം നിർമ്മാണത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ് ആലപ്പുഴയിലെ റീച്ചുകൾ
5. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ഇനിയും ഏറെനാൾ യാത്രക്കാർ ദുരിതം സഹിക്കേണ്ടി വരും
പൊളിച്ചുമാറ്റിയ ഷെൽട്ടറുകൾ
300 (ഏകദേശ കണക്ക്)
ദേശീയ പാതയുടെ പണി പുരോഗമിക്കവേ പല സ്ഥലങ്ങളിലും ബസ് ഷെൽട്ടറുകളില്ലാത്തത് സ്റ്റോപ്പുകൾ തിരിച്ചറിയുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരും കൊടും ചൂടും പൊടിയും സഹിച്ചാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് സൂര്യാഘാതമേൽക്കാനും തളർന്നുവീഴാനും ഇടയാക്കും
- രാധാകൃഷ്ണൻ, യാത്രക്കാരൻ
ഷെൽട്ടറുകളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വേനൽക്കാലവും കൊടുംചൂടും കണക്കിലെടുത്ത് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് പരിഹാരം കാണും
- അലക്സ് വർഗീസ്, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |