ന്യൂഡൽഹി : ഓരോ കേസിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നിർബന്ധമല്ലെന്ന് സുപ്രീം കോടതി. എഫ്.ഐ.ആറിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്ന ലളിതകുമാരി കേസിലെ വിധി എല്ലാ കേസുകൾക്കും ബാധകമല്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വാറന്റ് ആവശ്യമില്ലാതെ തന്നെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസുകളിൽ പ്രാഥമികാന്വേഷണമില്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതു പൊലീസിന്റെ നിയമപരമായ ബാദ്ധ്യതയാണ്.
ഗുരുതരമല്ലാത്ത കുറ്റങ്ങൾ ആരോപിക്കുന്ന പരാതികളിൽ,കൂടുതൽ പരിശോധന നടത്താനാണ് പ്രാഥമികാന്വേഷണമെന്ന നിർദ്ദേശം ലളിതകുമാരി കേസിൽ വച്ചതെന്നും സുപ്രീംകോടതി വ്യക്തത വരുത്തി.
ഗുജറാത്തിലെ ഭൂമിതട്ടിപ്പു കേസിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് നിരങ്കർനാഥ് ശർമ്മയ്‌ക്ക് ജാമ്യം നിരസിച്ചുകൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രാഥമികാന്വേഷണം നടത്താതെയാണ് കേസെടുത്തതെന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വാദം കോടതി തള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |