ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിയുള്ള ശശി തരൂരിന്റെ പ്രസ്‌താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതുപാർട്ടികൾ മുമ്പ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാണെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
ഡൽഹി 'റായ്സിന ഡയലോഗ്' സംവാദത്തിലാണ് ശശി തരൂരിന്റെ പരാമർശം. റഷ്യ- യുക്രെയ്‌ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ശശി തരൂർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നിലപാടിനെ താൻ എതിർത്തത് അബദ്ധമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെ അപലപിക്കാൻ വേണ്ടി അന്ന് തരൂർ ആഹ്വാനം ചെയ്തിരുന്നു.
ശശി തരൂരിന്റെ വാക്കുകൾ
'2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. യുഎൻ ചാർട്ടർ ലംഘനം, അതിർത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ൻ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമർശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാൽ നമ്മൾ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്.
എന്നാൽ മൂന്ന് വർഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |