തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക നയത്തിൽ സമഗ്രമായ മാറ്റം വേണമെന്നും കേരളത്തിലെ കായിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് യുഡിഎഫ് പഠിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നിയമസഭയിൽ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തിലൂടെ യുവതയെ കേരളത്തിന്റെ റോൾ മോഡലുകളാക്കി മാറ്റുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മൻചാണ്ടി കായിക പുരസ്‌കാര വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യുവ കായിക താരങ്ങൾക്ക് ഹോസ്റ്റൽ ഫീസിനും ഭക്ഷണം കഴിക്കാനും കാശില്ല. ദേശീയതലത്തിലും വിദേശത്തും മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കേരളത്തിലെ കായിക താരങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ പോലും സർക്കാര്‍ തയ്യാറാകുന്നില്ല. ദേശീയ കായിക മത്സരങ്ങളിൽ കേരളം മുൻപന്തിയിലുണ്ടായിരുന്ന പല മത്സരയിനങ്ങളിലും ഇന്ന് ഏറെ പിന്നിലാണ്. അതിന് കാരണം സംസ്ഥാന സർക്കാരിന്റെ വികലമായ കായിക നയമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സമൂഹിക വിപത്തായ ലഹരി വ്യാപനം തടയാൻ ഏറ്റവും നല്ല ഉപാധിയാണ് കായിക പ്രവർത്തനങ്ങൾ. ഈ മേഖലയിൽ നമ്മുടെ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ അതിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. അതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായിക പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് വേണമെന്നും വിഡി സതീശൻ പറഞ്ഞു.ഹോക്കിതാരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. പി.ആർ.ശ്രീജേഷിന് വേണ്ടി അദ്ദേഹത്തിന്റെ പരിശീലകൻ കെ.ശശിധരൻ പുരസ്‌കാരം പ്രതിപക്ഷ നേതാവിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച പരിശീലകൻ ഗോഡ്സൺ ബാബു (നെറ്റ്ബോൾ), മികച്ച കായിക അദ്ധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോർട്ടർ അൻസാർ രാജ് ( കേരള കൗമുദി) മികച്ച കായിക റിപ്പോർട്ടർ അജയ് ബെൻ (മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫർ കെ.കെ.സന്തോഷ് (മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാദ്ധ്യമ റിപ്പോർട്ടർ (ബിനോയ് കേരളവിഷൻ തിരുവനന്തപുരം)എന്നിവരും അവാർഡ് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തിലുള്ള 'കളിയാണ് ലഹരി' എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിർവഹിച്ചു.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങളിൽ കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, ചെറിയാൻ ഫിലിപ്പ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, ദേശീയ കായികവേദി സംസ്ഥാന സെക്രട്ടറി സണ്ണി വി സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |