ബംഗളുരു : കർണാടക നിയമസഭയിൽ ജെ.ഡി.എസ് എം.എൽ.എയുടെ വിചിത്രമായ ആവശ്യത്തിനെതിരെ തുറന്നടിച്ച് കോൺഗ്രസ് അംഗങ്ങളും സ്പീക്കറും. പുരുഷൻമാർക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്നാണ് എം.ടി. കൃഷ്ണപ്പ എം.എൽ.എ ആവശ്യപ്പെട്ടത്. സ്ത്രീകൾക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നൽകുന്നുണ്ട്. അതിനാൽ പുരുഷൻമാർക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നൽകണമെന്നാണ് കൃഷ്ണപ്പയുടെ ആവശ്യം. പുരുഷൻമാർക്ക് എങ്ങനെ എല്ലാ മാസവും പണം നൽകാനാവും. അതിന് പകരം അവർക്ക് ആഴ്ചയിൽ രണ്ടുകുപ്പി മദ്യം നൽകുക. അതിൽ എന്താണ് തെറ്റ്. ഇത് സർക്കാരിന് സൊസൈറ്റികളിലൂടെ നൽകാം എന്നും എം.എൽ.എ നിയമസഭയിൽ പറഞ്ഞു.
കൃഷ്ണപ്പയുടെ വിചിത്രമായ ആവശ്യത്തിനെതിരെ കോൺഗ്രസ് അംഗങ്ങളും സ്പീക്കർ യു.ടി. ഖാദറും രംഗത്തെത്തി. മദ്യം നൽകാതെ തന്നെ ഇപ്പോൾ പ്രയാസം അനുഭവിക്കുകയാണെന്നും ഇനി മദ്യം സൗജന്യമായി നൽകിയാലുള്ള സ്ഥിതി എന്താകും സ്ഥിതിയെന്നും യു.ടി. ഖാദർ ചോദിച്ചു. കൃഷ്ണപ്പയും പാർട്ടിയും തിരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപവത്കരിച്ച ശേഷം ഇങ്ങനെ ചെയ്യാമെന്നും മദ്യപാനം കുറയ്ക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി കെ.ജെ. ജോർജ് പ്രതികരിച്ചു. അതേസമയം എം,എൽ.എമാരിൽ പലരും മദ്യപിക്കുന്നവരാണെന്ന കൃഷ്ണപ്പയുടെ പരാമർശവും നിയമസഭയിൽ പ്രതിഷേധത്തിനിടയാക്കി,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |