ഇന്ത്യ മനോഹരം, അദ്ഭുത രാജ്യം
വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നും ഐ.എസ്.ആർ.ഒ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും സുനിത വില്യംസ്. ഒൻപത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ശേഷം മാർച്ച് 19നാണ് നാസ സഞ്ചാരികളായ സുനിതയും ബുച്ച് വിൽമോറും തിരിച്ചെത്തിയത്. നിലവിൽ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ പരിശീലനത്തിൽ കഴിയുന്ന ഇരുവരും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ വളരെ മനോഹരമാണെന്നും നിലയം ഓരോ തവണയും ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോൾ അദ്ഭുതകരമായ കാഴ്ചയാണെന്നും സുനിത പറഞ്ഞു.
'ഇന്ത്യയിലെ കഴിയുന്നത്ര ആളുകളുമായി അനുഭവങ്ങൾ പങ്കിടാം. ഇന്ത്യ മഹത്തായ രാജ്യമാണ്. ബഹിരാകാശത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു അദ്ഭുതകരമായ ജനാധിപത്യ രാജ്യമാണ്. അതിന്റെ ഭാഗമാകാനും അവരെ സഹായിക്കാനും താൻ ആഗ്രഹിക്കുന്നു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ രാത്രി പ്രകാശത്തിന്റെ ഒരു ശൃംഖല പോലെയാണ് ഇന്ത്യ കാണപ്പെടുന്നത്"-സുനിത പറഞ്ഞു. സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സ്‌പേസ് എക്‌സിനും ഉടമ ഇലോൺ മസ്‌കിനും സുനിതയും വിൽമോറും നന്ദി അറിയിച്ചു.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ഇനിയും പറക്കുമെന്നും ആദ്യ യാത്രയിലെ പോരായ്മകൾ പരിഹരിക്കപ്പെടുമെന്നും ഇരുവരും വ്യക്തമാക്കി. 2024 ജൂണിൽ സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിൽ എത്തിയത്. പേടകത്തിലെ തകരാർ കാരണം ഇരുവരും നിലയത്തിൽ കുടുങ്ങി. തുടർന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |