നാലുതവണ കടത്തി സഹദ് പിടിയിലാകുന്നത് അഞ്ചാംതവണത്തെ കടത്തിൽ
കാസർകോട്: എം.ഡി.എം.എയുമായി ആദൂർ പൊലീസ് അറസ്റ്റ് ചെയ്ത വീരാജ്‌പേട്ട ഹലുഗുണ്ടയിലെ ആബിദിന് നൈജീരിയൻ ലഹരി മാഫിയയുമായി ബന്ധമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ആബിദ് എം.ഡി.എം.എ സംഘടിപ്പിച്ചിരുന്നത്. ഇത് ഇടനിലക്കാർ മുഖേന കാസർകോട്ടെ മയക്കുമരുന്ന് സംഘങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഈയാളുടെ രീതി.
മടിക്കേരി കുശാൽ നഗറിൽ കുട്ടികളുടെ വസ്ത്രക്കടയുടെ മറവിലായിരുന്നു ആബിദിന്റെ മയക്കുമരുന്ന് വിൽപ്പനയെന്ന് പൊലീസ് പറഞ്ഞു.നേരത്തെ അറസ്റ്റിലായ സഹദ് കുറച്ചുകാലം മടിക്കേരിയിൽ കച്ചവടം നടത്തിയിരുന്നു. ഈ സമയത്താണ് ആബിദുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് രണ്ടുപേരും എം.ഡി.എം.എ വിൽപ്പനയിൽ സജീവമാകുകയായിരുന്നു. നാല് തവണ കാസർകോട് ജില്ലയിലേക്ക് എം.ഡി.എം.എ കടത്തിയതായി സഹദ് പൊലീസിനോട് സമ്മതിച്ചിരുന്നു. അഞ്ചാംതവണ കടത്തുന്നതിനിടെയാണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ ആദൂർ സി.ഐ കെ.സുനുമോന്റെ നിർദ്ദേശ പ്രകാരം അഞ്ചംഗ പൊലീസ് സംഘമാണ് ആബിദിനെ പിടികൂടാൻ കർണ്ണാടകയിലേക്ക് പോയത്. അവിടെ നിന്നും വീടുവളഞ്ഞ് ആബിദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കച്ചവടം ഉറപ്പിക്കും തായ്ലന്റ് മൊബൈൽ നമ്പറിൽ
കാസർകോട്: കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ വിരാജ് പേട്ടയിലെ ഹാളുഗുണ്ട സ്വദേശി പല്ലൂൽ ആബിദ് (37) ഇതിനായി ഉപയോഗിച്ചത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ സോഷ്യൽ മീഡിയ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച്. മുളിയാർ മഞ്ചക്കലിൽ രാത്രികാല പരിശോധന നടത്തുകയായിരുന്ന മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ സഹായത്തോടെ മുഹമ്മദ് സഹദ്, ഷാനവാസ്, ശുഹൈബ, ശരീഫ എന്നിവരെ പിടികൂടിയതോടെയാണ് ആദൂർ പൊലീസിന് ആബിദിലേക്ക് എത്തിപ്പെടാനായത്.
സംഘത്തിൽ നിന്നും 100.76 എം.ഡി.എം.എയാണ് പൊലീസ് കണ്ടെടുത്തത്.
പണം ബാങ്ക് അക്കൗണ്ടിലേക്ക്
സാധനം ലൊക്കേഷനിൽ
കേസിലെ ഒന്നാം പ്രതി സഹദിന്റെ ബാങ്ക് അക്കൌണ്ട് ഡീറ്റൈൽസിൽ നിന്നും ജനുവരി 11ന് ഉപ്പള പച്ചമ്പളയിലെ എസ്.ബി.ഐ ബ്രാഞ്ചിലെ അബ്ദുൾ ഖാദർ എന്നയാളുടെ അക്കൗണ്ടിലേക്ക് 90,000 രൂപ അയച്ചതായി കണ്ടെത്തി.
ഇതിന് പിന്നാലെ സഹദിന് മയക്കുമരുന്ന് സൂക്ഷിച്ച് വച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുകൊടുത്തു. ഇത് സഹദ് കളക്ട് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. ബാങ്ക് അക്കൗണ്ട് ഉടമ അബ്ദുൾ ഖാദറെ ചോദ്യം ചെയ്തതോടെയാണ് ആബിദിന്റെ പങ്കാളിത്തം വ്യക്തമായത്. തായ്ലന്റ് മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ലഹരി കച്ചവടം ഉറപ്പിക്കുന്നത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗമായ ശിവകുമാർ ഉദിനൂർ തായ്ലന്റ് മൊബൈൽ നമ്പറിന്റെ ഡീറ്റെയിൽസ് ശേഖരിച്ചതിന് പിന്നാലെ ആബിദ് ഉപയോഗിയ്ക്കുന്ന ഫോൺനമ്പറും അന്വേഷണസംഘത്തിന് ലഭിച്ചു. ഇതോടെയാണ് ആബിദിനെ പൊലീസ് പൊക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |