പവൻ വില 66,320 രൂപയിൽ
കൊച്ചി: സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,036 ഡോളറിലെത്തി റെക്കാഡിട്ടു. ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി സ്വർണം വാങ്ങികൂട്ടിയതാണ് വില ഉയർത്തിയത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 320 രൂപ വർദ്ധിച്ച് 66,320 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ ഉയർന്ന് 8290 രൂപയായി. ന്യൂഡൽഹി വിപണിയിൽ സ്വർണം പത്ത് ഗ്രാമിന് 90,000 രൂപയിലേക്ക് അടുക്കുകയാണ്. 18 ക്യാരറ്റ് സ്വർണ വില ഗ്രാമിന് 6,810 രൂപയാണ്. 24 ക്യാരറ്റ് സ്വർണക്കട്ടിയുടെ വില 91 ലക്ഷം രൂപയ്ക്ക് മുകളിലെത്തി. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് നികുതിയും പണിക്കൂലിയുമടക്കം 72,000 രൂപയിലധികമാകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ വില രാജ്യാന്തര വിപണിയിൽ 3,200 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ സ്വർണ വില പവന് അടുത്ത മാസം 70,000 രൂപ വരെ എത്തിയേക്കും.
സുരക്ഷിതത്വം സ്വർണത്തിൽ മാത്രം
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതിനാൽ ബദൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുകയാണ്. ഇസ്രയേൽ ഗാസയിൽ പൊടുന്നനെ ആക്രമണം നടത്തിയതും റഷ്യ- യുക്രെയിൻ ചർച്ചകളിലെ ആശങ്കകളും സ്വർണത്തിലേക്ക് നിക്ഷേപം വർദ്ധിപ്പിച്ചു.
അമേരിക്കൻ സാമ്പത്തിക മേഖലയിലെ മാക്രോ സാമ്പത്തിക ചലനങ്ങൾ കണക്കിലെടുത്ത് പലിശ നിരക്കിൽ മാറ്റം വരുത്തുന്നതിൽ ഫെഡറൽ റിസർവ് എടുക്കുന്ന തീരുമാനമാകും അടുത്ത ദിവസങ്ങളിൽ സ്വർണ വിപണിയിലെ ചലനങ്ങളെ സ്വാധീനിക്കുക. ആഗോള വ്യാപാര യുദ്ധം അമേരിക്കയിൽ കടുത്ത മാന്ദ്യം സൃഷ്‌ടിക്കാൻ കാരണമാകുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയുന്നതിനാൽ ഏറ്റവും മികച്ച സാദ്ധ്യതയുള്ള മേഖലയായി സ്വർണത്തെ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |