ചൂരൽമല: കേരളശ്രീ ജേതാവും ആശാപ്രവർത്തകയുമായ ഷൈജ ബേബിയെ ഒടുവിൽ സർക്കാർ പരിഗണിച്ചു. അർഹത ഉണ്ടായിട്ടും ഉരുൾദുരന്ത ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്തായ ഷൈജയെ ഇന്നലെ സർക്കാർ പുറത്തുവിട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി. നൂറിലേറെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ച ആശ പ്രവർത്തകയായ ഷൈജ ചൂരൽമല സ്കൂൾ റോഡിലെ പടവെട്ടിക്കുന്നിലെ 'നോ ഗോ' സോണിലായിരുന്നു. ഷൈജയുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ആറാം തീയതി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു.
മേപ്പാടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിൽ കഴിഞ്ഞ 16 വർഷമായി ആശ പ്രവർത്തകയാണ് ഷൈജ. ഉരുൾദുരന്തം നടന്ന അന്ന് മുതൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു ഷൈജ. ഇത് കണക്കിലെടുത്താണ് ഷൈജയ്ക്ക് സംസ്ഥാന സർക്കാർ കേരളശ്രീ പുരസ്ക്കാരം പ്രഖ്യാപിച്ചത്. പക്ഷെ ഗുണഭോക്തൃ പട്ടികയിൽ മാത്രം ഇടം കണ്ടില്ല. ഇത് ഏവരെയും നിരാശരാക്കി. ചൂരൽമല മുണ്ടക്കൈ വാസികളെ നെഞ്ചോടു ചേർത്തുപിടിച്ച് കൊണ്ടുളള പ്രവർത്തനമാണ് ഷൈജ വർഷങ്ങളായി നടത്തി വന്നിരുന്നത്. അതുകൊണ്ട് മാത്രമാണ് ഓരോ മൃതദേഹങ്ങളും തിരിച്ചറിയാൻ ഷൈജയ്ക്ക് കഴിഞ്ഞതും. കേരളശ്രീ പുരസ്ക്കാരം സ്വീകരിക്കാനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ഷൈജയെ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ഓഫീസിൽ വിളിച്ച് വരുത്തി സ്നേഹം പങ്കിട്ടു. 2015- 20 കാലഘട്ടത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു ഷൈജ. മേപ്പാടിയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഉരുൾ ദുരന്തത്തിൽ അച്ഛനും അമ്മയുമടക്കം ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ബന്ധുക്കളായ ഒമ്പത് പേരെ ഷൈജയ്ക്ക് നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |