കൊച്ചി: വേനല്‍ച്ചൂട് പെരുകിയതോടെ പൈനാപ്പിള്‍ കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. തണലൊരുക്കി പൈനാപ്പില്‍ ചെടികളെ സംരക്ഷിക്കാന്‍ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം ഉള്‍പ്പെടെ കര്‍ഷകരെ വലയ്ക്കുന്നു. കൃഷി ചൂടില്‍ കരിഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ കാര്‍ഷിക, വിപണന മേഖലയായ ജില്ലയിലെ കര്‍ഷകരാണ് നെട്ടോട്ടം ഓടുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ കൃഷിയും പ്രതിസന്ധി നേരിടുകയാണ്.34 ഡിഗ്രി വരെ ചൂടാണ് പൈനാപ്പാപ്പിള്‍ ചെടികള്‍ക്ക് താങ്ങാന്‍ കഴിയുന്നത്. 50 ഡിഗ്രിയും മറി കടന്ന ദിവസങ്ങളുണ്ട്. ഡിസംബറില്‍ ആരംഭിച്ച ചൂട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് കൂടിയാല്‍ കൃഷിയെ സാരമായി ബാധിക്കും. കടുത്ത ചൂടിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചെടികള്‍ വാടുകയാണ്. ഉത്പാദനം പകുതിയോളം കുറഞ്ഞു.
വേനല്‍ച്ചൂട് നേരിടാന്‍ ചെടികള്‍ നനയ്ക്കണം. ഒരു ചെടിക്ക് 500 മില്ലീലിറ്റര്‍ വെള്ളം കുറഞ്ഞത് വേണം. ചെടിയുടെ ചുവട്ടിലാണ് നനയ്ക്കേണ്ടത്. ഹോസുകള്‍ ഉപയോഗിച്ച് നനയ്ക്കുന്ന രീതിയാണ് പൊതുവെ സ്വീകരിക്കുന്നത്. മലഞ്ചെരുവുകളിലെ കൃഷിയിടങ്ങളില്‍ വേണ്ടത്ര വെള്ളം ലഭിക്കാത്തതും കൃഷിയെ ബാധിക്കുന്നുണ്ട്.
ഓല വരണം, തമിഴ്‌നാട്ടില്‍ നിന്ന്
ചെടികള്‍ക്ക് തണലായി പന്തലൊരുക്കുന്ന രീതിയാണ് കര്‍ഷകര്‍ സാധാരണ സ്വീകരിക്കുന്നത്. തെങ്ങോല മെടഞ്ഞും അല്ലാതെയും പന്തല്‍ പോലെയിട്ടാണ് തണല്‍ ഒരുക്കുക. ആവശ്യത്തിന് ഓലമടല്‍ കേരളത്തില്‍ നിന്നു തന്നെ ലഭിക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഓലമടല്‍ എത്തിച്ച് തണല്‍ ഒരുക്കാന്‍ വലിയ ചെലവ് വരും.
ഹരിതവല ചെലവേറും
പ്‌ളാസ്റ്റിക് കൊണ്ടുള്ള ഹരിതവല ഉപയോഗിച്ച് തണല്‍ പന്തല്‍ ഇടുകയാണ് മറ്റൊരു മാര്‍ഗം. ഹരിതവലയ്ക്ക് ഓലമടലിനെക്കാള്‍ ചെലവേറും. പത്തടിക്ക് അഞ്ചു രൂപയോളം ചെലവാകും. ഇവ സ്ഥാപിക്കാനും കൂലിച്ചെലവും കൂടുതലാണ്. ഒരുതവണ ഉപയോഗിച്ച ഹരിതവല വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്ന ആശ്വാസവുമുണ്ട്. ഹരിതവല രീതി വ്യാപകമായി കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്.
തൊഴിലാളികളെ കിട്ടാനില്ല
കൃഷിയിടങ്ങളുടെ പരിപാലനം ഉള്‍പ്പെടെ ചെയ്യാന്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിന്ധിയാണ്. മലയാളികളായ പണിക്കാര്‍ കുറവാണ്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. അന്തരീക്ഷം മൂടി നില്‍ക്കുന്നതും കഠിനമായ ചൂടും താങ്ങാന്‍ വിഷമമുള്ളതിനാല്‍ അന്യംസ്ഥാന തൊഴിലാളികളും ഒഴിവാകുന്ന സ്ഥിതിയുണ്ട്. കൃഷിപ്പണികള്‍ ചെയ്യാനും പൈനാപ്പിള്‍ പറിച്ചെടുക്കാനും തൊഴിലാളിക്ഷാമമുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
ലാഭകരമായി ചെയ്യാവുന്നതും വില ഉറപ്പുള്ളതുമായ കൃഷിയാണ് പൈനാപ്പിള്‍. ദിവസവും കൃഷിയിടങ്ങളില്‍ ഓരോ കാര്യങ്ങളും നോക്കാന്‍ കര്‍ഷകന്റെ സാന്നിദ്ധ്യം ആവശ്യമാണ്. കൊടുംചൂട് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ബേബി ജോണ്‍
പ്രസിഡന്റ്
പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍
വില (ഇന്നലെ) രൂപ
ഗ്രീന്‍ സ്‌പെഷ്യല്‍ 50
ഗ്രീന്‍ 48
റൈപ്പ് 54
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |