തൃശൂർ: പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങൾമൂലം മരിക്കുന്നവരുടെ എണ്ണം 10 വർഷത്തിനിടെ ഇരട്ടിയായി. മെഡിക്കൽ സർട്ടിഫിക്കേഷൻ ഒഫ് കോസ് ഒഫ് ഡെത്ത് (എം.സി.സി.ഡി) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗിയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് വിശദമായി ഗവേഷണം നടത്തി, എങ്ങനെ രോഗങ്ങളെ കുറയ്ക്കാനാകും എന്നതിലാണ് എം.സി.സി.ഡി റിപ്പോർട്ട് തയ്യാറാക്കുന്നത്.
പ്രമേഹം അടിസ്ഥാന കാരണമായി ഉണ്ടായ മരണങ്ങൾ 2014ൽ 10.3 ശതമാനമായിരുന്നു. 2024ൽ 28.04 ശതമാനമായി ഉയർന്നു. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഇന്ത്യ ഡയബറ്റീസ് നടത്തിയ പഠനത്തിൽ, കേരളത്തിലെ ജനസംഖ്യയിലെ 45 ശതമാനം പേരും പ്രമേഹ രോഗികളാണെന്ന് കണ്ടെത്തിയിരുന്നു. വലിയൊരു ശതമാനം പ്രമേഹ രോഗത്തിലേക്ക് അടുക്കുകയുമാണ്.
പ്രമേഹ രോഗികളിൽ ഹൃദയസംബന്ധമായ രോഗം മരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗംമൂലം 2024ൽ മരിച്ച 28.04 ശതമാനം പേരും പെട്ടെന്ന് മരിക്കാൻ കാരണം പ്രമേഹമായിരുന്നു. കൊവിഡിനുശേഷം ഇതിൽ വൻ കുതിപ്പാണുണ്ടായത്. കരൾ, വൃക്ക തുടങ്ങിയ രോഗങ്ങളെ ഗുരുതര നിലയിലേക്കും പിന്നീട് മരണത്തിലേക്കും എത്തിക്കുന്നതിനും കാരണം പ്രമേഹമാണ്. പ്രമേഹം നിയന്ത്രിച്ചാൽ, മറ്റു രോഗങ്ങളെ അകറ്റി നിറുത്താൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രമേഹ മരണം
2020- 14.25%
2021- 10.91%
2022- 12.61%
2023- 26.44%
2024- 28.04%
""10 വർഷം മുമ്പുവരെ 50 വയസിന് മുകളിലുള്ളവർക്കാണ് പ്രമേഹം കൂടുതലായി ബാധിച്ചിരുന്നത്. ഇന്ന് 30 വയസിനു മുകളിലുള്ളവർക്കും അതിൽ താഴെയുള്ളവർക്കും ബാധിക്കുന്നു. മാറിയ ഭക്ഷണരീതിതും വ്യായാമം ഇല്ലാത്തതുമാണ് മുഖ്യ കാരണം.
- ഡോ. എം.ശ്രീജിത്ത്,
അമല മെഡിക്കൽ കോളേജ്,
തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |