പാലക്കാട്: നഗരത്തിൽ വിപണിയിലെത്തുന്ന പഴവർഗ്ഗങ്ങളിൽ കാർബൈഡ് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ വി.ഷൺമുഖൻ പറഞ്ഞു.
കുറഞ്ഞ അളവിൽ എഥിലിൻ ഉപയോഗിച്ച് പഴുപ്പിക്കുന്നത് അനുവദനീയമാണ്. ആദ്യകാലങ്ങളിൽ മാങ്ങ പഴുപ്പിക്കാൻ മാത്രമായിരുന്നു കാർബൈഡ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വാഴപ്പഴങ്ങൾ പഴുപ്പിക്കുന്നതിനും കാർബൈഡ് കട്ടകളുപയോഗിക്കുന്നുണ്ട്. പെട്ടെന്ന് പഴുത്ത് കിട്ടുന്നതിനാലും പഴങ്ങൾക്ക് നല്ല കളർ ലഭിക്കുന്നതിനാലുമാണ് കാർബൈഡിന്റെ ഉപയോഗം പഴങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത്. തണ്ണിമത്തന് മധുരവും ഉൾഭാഗത്ത് കടുംചുവപ്പുനിറവും ലഭിക്കുന്നതിനായി കാർബൈഡ് മിശ്രിത രാസലായനി ഉപയോഗിക്കുന്നുണ്ട്. കാർബൈഡിന്റെ അംശം മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്.
കാർബൈഡ് പഴങ്ങൾ തിരിച്ചറിയാം
ഇത്തരം പഴങ്ങൾ പുറമേ വളരെ മൃദുലമായിരിക്കും.
എല്ലാ ഭാഗവും ഒരുപോലെ ആകർഷമായ നിറം ഉണ്ടാകും.
സ്വയം പഴുത്ത പഴങ്ങളേക്കാൾ മധുരവും ഗന്ധവും കുറവായിരിക്കും
പെട്ടെന്ന് ചീഞ്ഞ് പോവും
ഉൾവശം ശരിക്കും പഴുക്കാതെ കല്ലിച്ച് ഇരിക്കും
പഴം വാങ്ങി രണ്ടു ദിവസം കഴിഞ്ഞാൽ തൊലിപുറമേ കറുത്ത പാടുകൾ കാണാം
പഴങ്ങളുടെ പുറം തൊലിയിൽ കറുത്ത കുത്തുകളുണ്ടെങ്കിൽ വാങ്ങാതിരിക്കുക
വാങ്ങുന്ന ഓരോ പഴങ്ങളും ഒരോന്നായി ടാപ്പിനു കീഴെ വെച്ച് കഴുകുക
മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഒരോ സ്പൂൺ വീതം വെള്ളത്തിൽ ചേർക്കുക ഈ മിശ്രിതത്തിൽ പഴങ്ങൾ കഴുകിയെടുക്കുക
കുപ്പിവെള്ളത്തിലുമുണ്ട് വില്ലന്മാർ
വേനൽ കടുത്തതോടെ കുപ്പിവെള്ളത്തിലെയും ശീതളപാനിയങ്ങളിലെയും ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വെയിലേൽക്കുന്ന രീതിയിൽ കുടിവെള്ളവും ശീതളപാനീയവും തൂക്കിയിട്ട് വിൽപന നടത്തിയതിന് പാലക്കാട് ആറ് കച്ചവടക്കാരിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് കടുത്തആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഗ്ലൗസ് ഉപയോഗിക്കാത്തതും കോമേഴ്സ്യൽ ഐസ് ഉപയോഗിച്ചുമുള്ള ജ്യൂസ് കടകൾക്കും പിഴ ഈടാക്കി. ജ്യൂസ് ഉണ്ടാക്കുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കുപ്പിവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിൽ സീൽ പൊട്ടിച്ചിട്ടില്ലെന്നും, വലിയ കനാലുകളിൽ വരുന്ന കുടിവെള്ളത്തിന് സീൽ ഉള്ളതാണെന്നും ഉറപ്പു വരുത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |