കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതമംഗലത്തെ ബി ജെ പി പ്രാദേശിക നേതാവ് കൈതപ്രം സ്വദേശി കെ കെ രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. രാധാകൃഷ്ണന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടക്കും.
സംഭവത്തില്‍ പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി ഇന്നലെ മദ്യലഹരിയിലായിരുന്നു. ഇന്ന് വിശദമായി ചോദ്യം ചെയ്യും. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സന്തോഷും രാധാകൃഷ്ണനും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്.
രാധാകൃഷ്ണനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി, അയാൾ സ്ഥിരമായി വരാറുള്ള സ്ഥലത്ത് തോക്കുമായി സന്തോഷ് കാത്തിരുന്നു. രാധകൃഷ്ണൻ എത്തിയതോടെ കൊലപ്പെടുത്തി. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഫേസ്ബുക്കിൽ ഭീഷണി ഒരു പോസ്റ്റിട്ടിരുന്നു. "കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളും എന്നത് ഉറപ്പ്" എന്ന അടിക്കുറിപ്പോടെ തോക്കുമായി നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്.
കൊലപാതകം നടത്തിയ ശേഷവും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. 'നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'- എന്നായിരുന്നു അടുത്ത പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |