ബംഗളൂരു: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വ ഇദയുമായി (എക്യുഐഎസ് -അൽ ക്വ ഇദ ഇൻ ദി ഇന്ത്യൻ സബ്‌കോണ്ടിനന്റ്) ബന്ധപ്പെട്ട ഭീകര സംഘടനയുടെ പിന്നിലെ പ്രധാനിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്). ഷമ പർവീൺ എന്ന 30കാരിയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. മുഴുവൻ സംഘടനയുടെ ചുമതലയും വഹിച്ചിരുന്നത് ഷമ ആണെന്നും കർണാടകയിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിച്ചിരുന്നത് ഇവരാണെന്നും എടിഎസ് വ്യക്തമാക്കി.
ജൂലായ് 23ന് ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നായി 20നും 25നും ഇടയിൽ പ്രായമുള്ള, ഭീകരപ്രവർത്തകർ എന്ന് സംശയിക്കുന്ന നാലുപേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ്. മൊഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷൻ അലി, മൊഹമ്മദ് ഫയിഖ് എന്നിവരാണ് പിടിയിലായത്. ഇന്ത്യയിലുടനീളം വലിയ ഓപ്പറേഷനുകൾ ലക്ഷ്യമിട്ടിരുന്ന ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇവർക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളുറപ്പിക്കാൻ അൽ ക്വ ഇദ ശ്രമിക്കുകയാണെന്ന് യുഎൻ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. യുഎൻ സുരക്ഷാ കൗൺസിലിന്റെ 1267 സാംഗ്ഷൻസ് കമ്മിറ്റിയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാംഗ്‌ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 32ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അമീർ ഒസാമ മെഹ്മൂദിന്റെ നേതൃത്വത്തിലുള്ള എക്യുഐഎസ് ജമ്മു കാശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |