കൊച്ചി: ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറയ്ക്കൽ പെരുമ്പിള്ളി അസീസി സ്‌കൂളിന് സമീപമാണ് സംഭവം. കരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരാണ് മരിച്ചത്. സുധാകരന്റെ കാലിൽ വൈദ്യുതി വയർ ചുറ്റിയ നിലയിലായിരുന്നു.
രണ്ട് ദിവസമായി ദമ്പതികളെ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇന്നുരാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരുമാസമായി വാടകയ്ക്ക് കഴിയുകയായിരുന്ന വീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും പുറത്ത് കാണാതായതോടെ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്ത് വാർഡ് അംഗത്തെയും കൂട്ടിയെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. തുടർന്ന് പൊലീസിനെയും കെഎസ്‌ഇബിയെയും വിവരമറിയിക്കുകയായിരുന്നു.
വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ വയർ ഘടിപ്പിച്ചാണ് സുധാകരന്റെ കാലിന്റെ വിരലിൽ ചുറ്റിയിരുന്നത്. ജിജി സുധാകരനെ പിടിച്ചുനിന്നതിനുശേഷം വടികൊണ്ട് സ്വിച്ച് ഓൺ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ജിജിയുടെ മുകളിൽ വീണുകിടക്കുന്ന നിലയിലായിരുന്നു സുധാകരന്റെ മൃതദേഹം. വൈദ്യുതി വയർ ചുറ്റിയ ഇടം കരിഞ്ഞിട്ടുണ്ട്.
നേരത്തെ പെയിന്റിംഗ് ജോലികൾ കരാർ എടുത്ത് ചെയ്തിരുന്ന സുധാകരനും ഭാര്യയും വീടുവിറ്റ് അടുത്തിടെയാണ് വാടക വീട്ടിലേയ്ക്ക് താമസം മാറിയത്. രണ്ട് ആൺമക്കളുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |