മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സംഘർഷം ഉണ്ടായത് ദിവസങ്ങൾക്കുമുമ്പാണ്. അതിന്റെ കനൽ ഇപ്പോഴും അണഞ്ഞിട്ടില്ല. തങ്ങളുടെ ശ്രദ്ധ അല്പമൊന്ന് അയഞ്ഞാൽ ഗുജറാത്ത് കലാപം പോലുള്ള മറ്റൊരു വൻ കലാപമായി മാറുമോ എന്ന പേടി അധികൃതർക്കുണ്ട്. അതിനാൽ ശക്തമായ നടപടികളുമായി അവർ മുന്നോട്ടുപോവുകയാണ്.
കാരണം ഒരു സിനിമ
'ഛാവ' എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അതുവരെ കാര്യമായ വിവാദങ്ങളിലൊന്നും ഇടംപിടിക്കാത്ത ഔറംഗസീന്റെ ശവകുടീരം വിവാദങ്ങളിൽ ഇടംപിടിച്ചത്. ഇന്ത്യമുഴുൻ മുഗൾ സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ പടയോട്ടം തുടർന്ന ഔറംഗസീബ് മറാഠ രാജാവായ ശിവജിയുടെ മകനായ സംഭാജിയെ പിടികൂടി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നത് സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ചിത്രം പുറത്തുവന്നതോടെ വിവാദമായി. ശിവജിയുടെ പുത്രനെ ക്രൂരമായി വധിച്ച ഒരു മുസ്ലീം ഭരണാധികാരിയുടെ ശവകുടീരം തങ്ങളുടെ നാട്ടിൽ വേണ്ടെന്ന ആശവ്യവുമായി തീവ്ര ഹിന്ദുസംഘടനകൾ രംഗത്തെത്തി. പൊളിച്ചുനീക്കിയില്ലെങ്കിൽ കർസേവ നടത്തുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. ശവകുടീരം വിവാദമായതോടെ സിനിമയും സൂപ്പർഹിറ്റായി. കളക്ഷൻ 500 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആരാണ് ഔറംഗസീബ്
ഇന്ത്യമുഴുവൻ തങ്ങളുടെ സാമ്രാജ്യമാക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഒരു മുഗൾ ഭരണാധികാരിയായിരുന്നു ഔറംഗസീബ്. ശക്തനായ ഭരണാധികാരിയായിരുന്നെങ്കിലും താൻ പടുത്തുയർത്തിയ സാമ്രാജ്യം തന്റെ അനന്തരതലമുറകൾക്ക് നിലനിറുത്താൻ കഴിയുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഔറംഗസീബിന്റെ മരണശേഷം സാമ്രാജ്യം ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുകയായിരുന്നു.
ആരെയും പൂർണമായും വിശ്വസിക്കാത്ത, ഏതുപ്രതിസന്ധിയിലും തളരാത്ത, സ്വഭാവത്തിൽ അടക്കം വ്യക്തമായ അച്ചടക്കം പുലർത്തിയിരുന്ന അദ്ദേഹം ആഡംബരങ്ങൾ അല്പംപോലും ഇഷ്ടപ്പെടാത്ത വ്യക്തിയായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. അമ്പതുവർഷത്തോളം നാടുഭരിച്ച ചക്രവർത്തി 1707 ഫെബ്രുവരി 20ന് അന്തരിച്ചു. മുഗളന്മാർ പൊതുവെ അലങ്കാര നിർമിതികൾ ഇഷ്ടപ്പെടുന്നവരാണ്. ചക്രവർത്തിമാരുടെയും അവരുടെയും രാജ്ഞിമാരുടെയും ശവകുടീരങ്ങൾ തന്നെ ഇതിന് ഉദാഹരണം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തികച്ചും സാധാരണ രീതിയിലായിരുന്നു ഔറംഗസീബിന്റെ ശവകുടീരം. മറ്റ് മുഗൾ ചക്രവർത്തിമാരും അവരുടെ നിർമിതികളും എന്നും ഓർമ്മിക്കപ്പെടുമ്പോൾ പല കാരണങ്ങൾ കൊണ്ടും ഔറംഗസീബിനെ മാത്രം ചരിത്രകാരന്മാർ ഉൾപ്പെടെ ഒട്ടുമിക്കവരും മനഃപൂർവം മറക്കുകയായിരുന്നു. അതേ അവസ്ഥ തന്നെ അദ്ദേഹത്തിന്റെ ശവകുടീരത്തിനും സംഭവിച്ചു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
പ്രഭുക്കന്മാർ ഉൾപ്പെടെയുള്ളവർ പൂർണമായും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു ഔറംഗസീബിന്റെ മരണം. തികച്ചും ലളിതമായ ഒരു ശവകുടീരത്തിൽ അടക്കം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അവസാന ആഗ്രഹമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അത് നടപ്പാക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ ശവകുടീരം അതേ അവസ്ഥയിൽ നിലകൊള്ളുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ശവകുടീരം വെളുത്ത മാർബിൾ ഫലകങ്ങൾ കൊണ്ട് പൊതിഞ്ഞത്. ഇന്ത്യയിൽ കൂടുതൽ കാലം ഭരണം നടത്തിയ ചക്രവർത്തിയോടുള്ള ബഹുമാനാർത്ഥം ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭുവാണ് ശവകുടീരം മാർബിൾ കൊണ്ട് അലങ്കരിക്കാൻ ഉത്തരവിട്ടതെന്നാണ് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ അലി നദീം റെസാവി പറയുന്നത്.
മതത്തോട് അതിരുകവിഞ്ഞ വിശ്വാസം, പക്ഷേ..
തന്റെ മതത്തോട് അതിരുകവിഞ്ഞ വിശ്വാസവും ആദരവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഔറംഗസീബ്. ശവകുടീരങ്ങൾ സന്ദർശിക്കുന്നതോ നിർമ്മിക്കുന്നതോ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. പക്ഷേ, സൂഫി സന്യാസിയുടെ ദർഗയിൽ അടക്കം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ വൈരുദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ശവകുടീരങ്ങളും മറ്റും നിർമ്മിക്കുന്നതിനെ എതിർത്തിരുന്നു എങ്കിലും വിശുദ്ധരോടുള്ള ആദരവ് അദ്ദേഹം എപ്പോഴും നിലനിറുത്തിരുന്നു എന്നതിന് തെളിവാണിതെന്നാണ് ചരിത്രകാരനായ വില്യം ഡാൽറിംപിൾ അവകാശപ്പെടുന്നത്.
ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളാൽ രചിക്കപ്പെട്ട ചരിത്രത്തിൽ ഇന്തോ- മുസ്ലീം രാജാക്കന്മാരെ പൊതുവെ കൊളളരുതാത്തവരായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷ് കൊളോണിയലിസം മികച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് ഔറംഗസീബിനെ മോശമായി ചിത്രീരിക്കുന്നതെന്നാണ് 'ഔറംഗസീബ് ദി ലൈഫ് ആൻഡ് ലെഗസി ഒഫ് ഇന്ത്യാസ് മോസ്റ്റ് കോൺട്രവെർഷ്യൽ കിംഗ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ഓഡ്രി ട്രഷ് കെക്ക് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |