SignIn
Kerala Kaumudi Online
Monday, 14 September 2026 4.38 PM IST

വൈകിയെങ്കിലും നടപ്പായത് നന്നായി

READ ENGLISH VERSION
a

കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പല ആനുകൂല്യങ്ങളും സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാത്തതിനാൽ കേരളത്തിന് ലഭ്യമാകുന്നില്ലെന്ന ആരോപണം പലപ്പോഴും ഉയർന്നിട്ടുള്ളതാണ്. സഹായം നൽകിയെന്ന് കേന്ദ്രവും ലഭിച്ചില്ലെന്ന് കേരളവും പറയുന്നതിനാൽ ഇതിന്റെ നിജസ്ഥിതി പലപ്പോഴും അറിയാൻ കഴിയില്ല. പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് പല ആനുകൂല്യങ്ങളും ജനങ്ങൾക്ക് കിട്ടാതാകുന്നത്. അങ്ങോട്ടുമിങ്ങോട്ടും രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള ആരോപണങ്ങളിൽ ആനുകൂല്യം മുടങ്ങുന്നതിന്റെയും കിട്ടാതാകുന്നതിന്റെയും യഥാർത്ഥ കാരണം പുറത്തറിയാതെ മുങ്ങിപ്പോവുകയും ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ നൽകണമെന്ന് കേന്ദ്രം രണ്ടുവർഷം മുമ്പ് തീരുമാനിക്കുകയും,​ തുക കേന്ദ്ര സർക്കാർ തന്നെ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും കേരളത്തിൽ അത് നടപ്പായിട്ടില്ലായിരുന്നു.

'ആം ആദ്‌മി ബീമാ യോജന" പ്രകാരം നേരത്തെ നിശ്ചയിച്ചിട്ടുള്ള ധനസഹായമായ 75,000 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ നൽകിയിരുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവം തുറന്നുകാട്ടിക്കൊണ്ട് കേരളകൗമുദി റിപ്പോർട്ടർ കെ.എസ്. അരവിന്ദ് എഴുതിയ 'തൊഴിലുറപ്പ് ധനസഹായം: അടയിരുന്ന് സർക്കാർ" എന്ന തലക്കെട്ടിലുള്ള വാർത്ത കഴിഞ്ഞ വർഷം ഒക്ടോബർ 31-ന് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാർ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടും ഇത് നൽകാതിരിക്കുന്നത്,​ ഇതു സംബന്ധിച്ച ഫയൽ നീക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം കാരണമാണെന്നാണ് റിപ്പോർട്ടർ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം നടപ്പാക്കാനുള്ള ഫയൽ നീക്കത്തിന് വേഗം കൂടിയത്. ഇപ്പോൾ അക്കാര്യത്തിൽ തദ്ദേശ വകുപ്പ് തീരുമാനമെടുക്കുകയും 2022 ജൂൺ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ സഹായം അനുവദിക്കാൻ ഉത്തരവിറക്കുകയും ചെയ്‌തിരിക്കുന്നു.

സംസ്ഥാനത്തിന് ബാദ്ധ്യതയില്ലാതെ കേന്ദ്ര ഫണ്ടിൽ നിന്ന് ധനസഹായം ലഭിക്കുമെന്നിരിക്കെ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കാൻ എന്തിനു വൈകി എന്നത്,​ 'സർക്കാർ കാര്യം മുറപോലെ" എന്നു പറയുന്നതിന് മറ്റൊരു ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടാം. സാധാരണഗതിയിൽ ഒരു കാര്യം നടപ്പാക്കാതിരിക്കുന്നതിന് ന്യായമായി പറയുന്നത്,​ സാമ്പത്തിക പ്രതിസന്ധിയുടെ കാര്യമാണ്. അങ്ങനെയല്ലാത്ത കാര്യങ്ങൾ പോലും യഥാസമയം ഇവിടെ നടക്കുന്നില്ലെന്നാണ് ഇത്തരം മെല്ലെപ്പോക്കുകളിൽ നിന്ന് മനസിലാക്കേണ്ടത്. വൈകിയെങ്കിലും ഇപ്പോഴെങ്കിലും നടപ്പിലായത് നന്നായി. തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നവരിൽ പാമ്പുകടിയേറ്റും കുഴഞ്ഞുവീണും മരിച്ചവരുടെയും മറ്റും വാർത്തകൾ ഇടയ്ക്കിടെ വരാറുള്ളതാണ്. പ്രതിമാസം ശരാശരി 10 തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടത്തിൽ സംസ്ഥാനത്ത് മരിക്കാറുണ്ട്. പുതിയ ഉത്തരവിന് 2022 ജൂൺ മുതൽ മുൻകാല പ്രാബല്യമുള്ളതിനാൽ മുന്നൂറിലധികം പേർക്ക് വർദ്ധിച്ച ആനുകൂല്യം ലഭിക്കും. നേരത്തേ 75,000 നഷ്ടപരിഹാരം കൈപ്പറ്റിയ കുടുംബങ്ങൾക്ക് 1,25,000 രൂപ കൂടി ലഭിക്കും.

തൊഴിലിടങ്ങളിൽ മരണം സംഭവിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് അഞ്ചു ദിവസത്തിനകം നഷ്ടപരിഹാരത്തുക കൈമാറണമെന്ന വ്യവസ്ഥ കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു വ്യവസ്ഥ ഏർപ്പെടുത്തിയില്ലെങ്കിൽ അഞ്ചുവർഷം കഴിഞ്ഞാലും ഉദ്യോഗസ്ഥർ പണം കൊടുക്കില്ലെന്നാണ് മുൻ അനുഭവങ്ങളിൽനിന്ന് മനസിലാക്കേണ്ടത്. ഒരു കാര്യം എങ്ങനെ നടത്താം എന്നതിനല്ല ഉദ്യോഗസ്ഥർ അടങ്ങുന്ന സർക്കാർ സംവിധാനങ്ങൾ മുൻഗണന നൽകുന്നത്. മറിച്ച്,​ എങ്ങനെ തടസപ്പെടുത്താമെന്നാവും അവർ ആദ്യം ചിന്തിക്കുന്നത്. അതിന് നാലുപേർ കേട്ടാൽ ന്യായമെന്നു ഒരു കാരണം കണ്ടെത്തി ഫയലിൽ കുറിച്ചാൽ പിന്നെ ആന പിടിച്ചാലും ആ ഫയൽ അനങ്ങില്ല. ഈ മനോഭാവം മാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറായാൽത്തന്നെ വലിയ മാറ്റം സംഭവിക്കും. തൊഴിലാളിയോടൊപ്പം ജോലിസ്ഥലത്ത് എത്തുന്ന കുട്ടിക്ക് അപകട മരണമോ സ്ഥിരമായ വൈകല്യമോ സംഭവിച്ചാൽ ഒരുലക്ഷം രൂപ സഹായമായി നൽകണമെന്നും കേന്ദ്രം വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY