കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് ലക്ഷം രൂപയുടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് ഇടവട്ടത്ത് നിന്ന് ഇപ്പോൾ പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
യുവതി നേരത്തെയും എം.ഡി.എം.എ കേസിൽ പ്രതിയാണ്. കർണാടകത്തിൽ നിന്നു വാങ്ങിയ എം.ഡി.എം.എ കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എ.സി.പി എസ് ഷെറീ ഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച് കാർ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
കൊല്ലം സിറ്റി പൊലീസ് ഈ മാസം പിടികൂടുന്ന നാലാമത്തെ വാണിജ്യ നിലവാരത്തിലുള്ള എം.ഡി.എം.എ വേട്ടയാണിത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ സുരേഷ് കുമാർ, ഡാൻസാഫ് എസ്,ഐമാരായ സായിസേനൻ, ആർ, രാജേഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ ബൈജു ജെറോം, സീനു, മനു, സജു, ഷെഫീഖ്, അനു, അനൂപ്, സുനിൽ, ദിലീപ്, വനിതാ പൊലീസ് അംഗങ്ങളായ ശാരിക, ആൻസി, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |