സാമ്പത്തിക മേഖലയിലെ ഉണർവ് കരുത്താകും
കൊച്ചി: അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് കുറയുമെന്ന് വ്യക്തമായതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദേശ ഫണ്ടുകൾ വിപണിയിൽ സജീവമായതോടെ നിഫ്‌റ്റിയും സെൻസെക്സും തുടർച്ചയായി മുന്നേറി. ഇതോടൊപ്പം രൂപയുടെ മൂല്യത്തിലും കുതിപ്പുണ്ടായി. മാർച്ച് 20ന് മാത്രം 3,239 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ വാങ്ങിയത്.
ഇന്നലെ സെൻസെക്‌സ് 557 പോയിന്റ് കുതിച്ച് 76,905ൽ അവസാനിച്ചു. നിഫ്‌റ്റി 160 പോയിന്റ് നേട്ടത്തോടെ 23,350ൽ എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് മുഖ്യ സൂചികകൾ നേട്ടമുണ്ടാക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ ഇന്നലെ 4.91 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
അമേരിക്കയിൽ പലിശ കുറയുന്നത് ഗുണമാകും
അമേരിക്കയിലെ മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഈ വർഷം രണ്ട് തവണ കുറയ്ക്കുമെന്ന് വ്യക്തമാക്കിയതാണ് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കൂട്ടുന്നത്.ഫെഡറൽ റിസർവ് തീരുമാനം അമേരിക്കൻ ബോണ്ടുകളുടെയും ഡോളറിന്റെയും മൂല്യയിടിവിന് കാരണമാകുന്നതിനാലാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നത്.
ബജാജ് ഫിനാൻസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലേ, എൻ.ടി.പി.സി, പവർ ഗ്രിഡ്, അദാനി ഗ്രീൻ തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
നിക്ഷേപകർക്ക് പ്രതീക്ഷയേറുന്നു
ഒക്ടോബർ മുതൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും വൻതോതിൽ പണം പിൻവലിച്ചതോടെ ഓഹരി, നാണയ, കടപ്പത്ര വിപണികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു. നടപ്പുവർഷം ഇതുവരെ വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 1.25 ലക്ഷം രൂപയ്ക്കടുത്താണ് പിൻവലിച്ചത്. ഇതോടെ സെൻസെക്സ്, നിഫ്‌റ്റി എന്നിവ 20 ശതമാനത്തിനടുത്ത് നഷ്‌ടം നേരിട്ടിരുന്നു.
കരുത്ത് കാട്ടി രൂപ
വിദേശ നിക്ഷേപകർ മടങ്ങിയെത്തിയതോടെ ഡോളറിനെതിരെ രൂപ കരുത്ത് വർദ്ധിപ്പിച്ചു. ഒരു മാസത്തിനിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് രൂപ ഇന്നലെ കാഴ്‌ചവച്ചത്. ഇന്നലെ രൂപ 39 പൈസയുടെ നേട്ടവുമായി 85.97ൽ അവസാനിച്ചു. നാല് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ 160 പൈസയുടെ വർദ്ധനയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |