ലണ്ടൻ: വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം താത്കാലികമായി അടച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഇന്നലെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് വൈദ്യുതി നൽകുന്ന സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനിൽ വൻ തീപിടിത്തമുണ്ടായതാണ് കാരണം.
ഇതോടെ വിമാനത്താവളത്തിന്റെ രണ്ടും നാലും ടെർമനിലുകളിലേക്കും സമീപത്തെ 5,000 വീടുകളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അതേ സമയം, ഇന്നലെ രാത്രിയോടെ സർവീസുകൾ ഭാഗികമായി തുടങ്ങാനായി.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11.23നാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രി വരെ വിമാനത്താവളം താത്കാലികമായി അടയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയ്സിൽ സ്ഥിതി ചെയ്യുന്ന സബ്സ്റ്റേഷനിലെ തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സബ്സ്റ്റേഷന്റെ അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 29 പേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഒഴിപ്പിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി 150 പേരെയും മാറ്റിപ്പാർപ്പിച്ചു.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രോ. ഹീത്രോയലെ സ്തംഭനം 1,350ലേറെ ഫ്ലൈറ്റുകളെ ബാധിച്ചു. ഹീത്രോയിൽ ഇന്നലെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ ബ്രിട്ടനിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരികെ പോകുകയോ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |