മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "എമ്പുരാൻ". സിനിമയുടെ ടിക്കറ്റ് വിൽപ്പന ഇന്നലെയാണ് ആരംഭിച്ചത്. ആദ്യ മണിക്കൂറിൽ ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു റെക്കാഡ് ആണ്. ഇപ്പോഴിതാ എമ്പുരാൻ സിനിമ കാണുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പുമായി രംഗത്തെത്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.
സിനിമ തീർന്നയുടൻ തിയേറ്റർ വിട്ടുപോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഡ് ക്രെഡിറ്റുകൾ സൂക്ഷ്മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹൻലാലിനൊപ്പം ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മൂന്നാം ഭാഗം പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോൾ മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാന്റെ എൻഡ് ക്രെഡിറ്റുകൾ കാണണം. അത് ശ്രദ്ധയോടെ വായിക്കണം. അതിൽ വരുന്ന വാർത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിന് മുൻപ് തിയേറ്റർ വിടരുത്. ആ ലോകം എങ്ങനെയാണ് എന്നതിന്റെ സൂചനയാവും അത്',- പൃഥ്വിരാജ് വ്യക്തമാക്കി.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന 'എമ്പുരാൻ' ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ജനുവരി 26ന് പുറത്തുവന്നിരുന്നു. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായെത്തുന്നത്.
2019ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |