ഇടുക്കി: വാഗമണിൽ പാരാഗ്ലെെഡിംഗ് നടത്തി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തിൽ പറന്നുവെന്ന് മന്ത്രി തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. പാരാഗ്ലെെഡിംഗ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വിദഗ്ധ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കൽ. വാഗമണിലെ പാരാഗ്ലെെഡിംഗ് പ്രചാരണത്തിന് കൂടിയാണ് മന്ത്രി തന്നെ യാത്രികനായത്.
വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലെ പാരാഗ്ലെെഡിംഗ് ഇതിനോടകം തന്നെ ശ്രദ്ധയമാണ്. 11 വിദേശരാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന രാജ്യാന്തര പാരാഗ്ലെെഡിംഗ് മത്സരം ഇതിനോടകം തന്നെ സഞ്ചാരികൾ ഏറ്റെടുത്തിരുന്നു. മത്സരത്തിന്റെ സമാപനച്ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി പാരാഗ്ലെെഡിംഗ് നടത്തിയത്. വീഡിയോ
സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം ബുധനാഴ്ച വാഗമൺ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ചിരുന്നു. 23 വരെയാണ് മത്സരം. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശരാജ്യങ്ങളിൽ നിന്ന് 49 മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട് 15 വിദേശ താരങ്ങളും മത്സരിക്കുന്നുണ്ട്. 3000 അടി ഉയരത്തിൽ 10 കിലോമീറ്റർ ദൂരത്തിലുള്ള ഈ സ്ഥലം ലാൻഡിംഗിനും അനുയോജ്യമാണ്.
കാലാവസ്ഥാ അനുകൂലമായതിനാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും സന്ദർശകർ പാരാഗ്ലൈഡിംഗ് കാണാൻ എത്തുന്നുണ്ട്. വാഗമണിലെ പാരാഗ്ലൈഡിംഗ് സാദ്ധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക, സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |