വൈപ്പിൻ: സർക്കാർ നടപ്പാക്കുന്ന പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ കളിക്കളം നഷ്ടമാകുമെന്ന് ഭീതിയിൽ മാലിപ്പുറത്തെ കായിക താരങ്ങൾ. നവീകരണത്തിന്റെ ഭാഗമായി ഓപ്പൺസ്റ്റേജ്, ഓപ്പൺജിംനേഷ്യം, നടപ്പാത, പാർക്കിംഗ് ഏരിയ എന്നിവ നിർമ്മിക്കുമ്പോൾ കളിസ്ഥലം നാലിലൊന്നായി ചുരുങ്ങുമെന്ന് താരങ്ങൾ പറയുന്നു. ഇതിനെതിരെ മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ കളിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് കായിക താരങ്ങളും പരിശീലകരും.
ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, അഗ്നിരക്ഷാസേന, ജല അതോറിട്ടി എന്നിവർക്ക് സമീപം വൈപ്പിൻ- മുനമ്പം സംസ്ഥാന പാതക്കരികിലാണ് മൈതാനം.
ഇന്ന് വൈകിട്ട് നാലിന് നേതൃത്വത്തിൽ മുൻ ഫുട്‌ബാൾ കോച്ച് സീലാൻഡ് ജോസി ഉൾപ്പെടെയുള്ള മുൻ കളിക്കാരും കോച്ചുകളും നിലവിലെ കളിക്കാരും മൈതാനത്ത് ഒത്തുകൂടി ഫുട്‌ബാൾ , ക്രിക്കറ്റ് എന്നിവ കളിക്കും. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. സമ്പത്ത് മുൻ അംഗം സി. ജി. ബിജു, മുൻ ഫുട്‌ബാളറും കോച്ചുമായ വിമൽ എന്നിവർ സമരത്തിന് നേതൃത്വം നൽകും.
കളിക്കളം ചുരുങ്ങും
3725 ച. മീറ്റർ വിസ്തീർണ്ണമുള്ള സാമാന്യം വിശാലമായ സ്വതന്ത്ര മൈതാനിയിൽ 99.4 ലക്ഷം രൂപ ചെലവാക്കി മൈതാനം നവീകരിക്കമ്പോൾ കളിക്കളം ചുരുങ്ങിപ്പോകുന്നു എന്നതാണ് സമരക്കാരുടെ ആക്ഷേപം. ഓപ്പൺ ജിം ഉൾപ്പെടെ നിർമ്മിക്കുമ്പോൾ കേവലം 800 ച.മീറ്റർ ഗ്രൗണ്ടായി പരിമിതപ്പെടും. കളിക്കളം പദ്ധതി കളികൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സമര സമിതി പറയുന്നു. സ്വതന്ത്ര മൈതാനം പോലെ വിശാലമായ ഒരു കളിസ്ഥലം എളങ്കുന്നപ്പുഴ പഞ്ചായത്തിൽ മറ്റെവിടേയും ഇല്ല. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല.
സമരക്കാരുടെ ആവശ്യങ്ങൾ
1. ഓപ്പൺ സ്റ്റേജ്, ജിംനേഷ്യം എന്നിവ മറ്റൊരിടത്ത് ചുരുങ്ങിയ സ്ഥലത്തേക്ക് മാറ്റണം
2. ഓപ്പൺ സ്റ്റേജിനായി കൂടുതൽ സ്ഥലമാണ് മാറ്റിവച്ചിട്ടുള്ളത്. ഇതിനകം തറകെട്ടി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പകുതിയിൽ താഴെ വലുപ്പമുള്ള ഓപ്പൺ സ്റ്റേജ് മതിയാകും.
3. മൈതാനത്തിനു ചുറ്റുമുള്ള നടപ്പാതയ്ക്കായും കൂടുതൽ സ്ഥലമുണ്ട്. ഇത് പൂർണമായും പദ്ധതിയിൽ നിന്ന് നീക്കം ചെയ്യണം.
99.4 ലക്ഷത്തിന്റെ പദ്ധതി
3725 ച. മീറ്റർ വിസ്തീർണ്ണമുള്ള മൈതാനം
കളിക്കളം 800 ച. മീറ്റർ
പദ്ധതി നിർമ്മാണച്ചുമതല: ഹാർബർ എൻജിനിയറിംഗ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |