നെടുമങ്ങാട് :കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥരുടെ പീഡനവും ജോലിയിലെ സമ്മർദ്ദവും കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. പോത്തൻകോട് മേജർ സെക്ഷനിലെ ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ഷമീം മൻസിലിൽ മുഹമ്മദ് ഷമീം (50) ആണ് വ്യാഴാഴ്ച രാത്രി വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ചത്. ഭാര്യ ഹുനൈസ ബഹളം വച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുറച്ചു നാളുകളായി ചില മേലുദ്യോഗസ്ഥർ ഷമീമിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. തലേദിവസം പവർ ഹൗസിൽ നടന്ന അസി.എൻജിനിയർമാരുടെ മീറ്റിംഗിൽ മേലുദ്യോഗസ്ഥർ ഷമീമിനെ അധിക്ഷേപിച്ചതായി ആരോപണമുണ്ട്. 20 വർഷമായി കെ.എസ്.ഇ.ബിയിൽ ജോലിനോക്കുന്ന ഷമീമിനെക്കുറിച്ച് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ലതു മാത്രമേ പറയാനുള്ളൂ. മികച്ച ക്രിക്കറ്റ് കളിക്കാരനും പരോപകാരിയുമായിരുന്നു. നെടുമങ്ങാട് പൊലീസ് വീട്ടിലെത്തി ഷമീമിന്റെ ലാപ്ടോപ്പും കമ്പ്യൂട്ടറും പരിശോധനയ്ക്കയച്ചു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ സലാഹുദീന്റെയും റഫീഖബീവിയുടെയും മകനാണ്. മൃതദേഹം ചുള്ളിമാനൂർ ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയെത്തിയിരുന്നു. ഭാര്യ :ഹുനൈസ. മകൾ :ഹാജിറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |