കൊല്‍ക്കത്ത: ഐപിഎല്‍ 18ാം സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആര്‍സിബിക്ക് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യന്‍മാര്‍ നിശ്ചിത 20 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. പത്ത് ഓവറില്‍ 107ന് രണ്ട് എന്ന ശക്തമായ നിലയില്‍ മുന്നേറിയ കെകെആറിനെ ആര്‍സിബി ബൗളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. അവസാന പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയ കൊല്‍ക്കത്തയ്ക്ക് 65 റണ്‍സ് മാത്രമാണ് നേടാനായത്.
ഓപ്പണര്‍ ക്വന്റണ്‍ ഡി കോ്ക്കിന്റെ വിക്കറ്റ് 4(5) ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 56(31) - സുനില്‍ നരെയ്ന്‍ 44(26) സഖ്യം 55 പന്തുകളില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച അടിത്തറ സമ്മാനിച്ചെങ്കിലും പിന്നീട് വന്നവര്‍ ബാറ്റിംഗ് മറന്നു. വെങ്കടേഷ് അയ്യര്‍ 6(7), റിങ്കു സിംഗ് 12(10) ആന്ദ്രെ റസല്‍ 4(3) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ 22 പന്തുകളില്‍ 30 റണ്‍സ് നേടിയ യുവതാരം അന്‍ക്രിഷ് രഘുവംശി മാത്രമാണ് പിടിച്ചു നിന്നത്.
രമണ്‍ദീപ് സിംഗ് 6*(9), ഹര്‍ഷിത് റാണ 5(6), സ്‌പെന്‍സര്‍ ജോണ്‍സന്‍ 1*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ആര്‍സിബിക്ക് വേണ്ടി നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ബൗളിംഗില്‍ തിളങ്ങിയത്. ജോഷ് ഹേസില്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യാഷ് ദയാല്‍, റാസിക് ദാര്‍ സലാം, സുയാഷ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പുതിയ നായകന് കീഴിലിറങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ജയത്തോടെ സീസണിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ടീമിന്റെ ആരാധകര്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |