വെള്ളറട: 68-ാമത് തെക്കൻകുരിശുമല തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.തീർത്ഥാടനം 30ന് തുടങ്ങും.'വിശുദ്ധ കുരിശ് സ്നേഹഹൃദയ സ്പന്ദനം' എന്ന സന്ദേശവുമായാണ് ഇക്കൊല്ലത്തെ തീർത്ഥാടനം. 30ന് തുടങ്ങുന്ന ഒന്നാംഘട്ട തീർത്ഥാടനം ഏപ്രിൽ 6ന് സമാപിക്കും.
രണ്ടാംഘട്ടം പെസഹാ വ്യാഴം,ദുഃഖവെള്ളി ദിവസങ്ങളായ 17,18 തീയതികളിൽ നടക്കും.തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകളുടെ നവീകരണങ്ങൾ നടന്നുവരുകയാണ്.തീർത്ഥാടകർക്ക് ആവശ്യമായ മറ്റു ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കികഴിഞ്ഞു.സംഗമവേദിക്കുസമീപം കുരിശുമല പള്ളിക്കടുത്ത് വിപുലമായ പാർക്കിംഗ് ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടന ദിവസങ്ങളിൽ രാവിലെ പിയാത്ത വന്ദനം,ക്രിസ്തീയ സംഗീതാർച്ചന,കുരിശിന്റെ വഴി, സങ്കീർത്തന ആലാപനം, പ്രഭാതവന്ദനം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുരിശിന്റെ നൊവേന, ആഘോഷമായ ദിവ്യബലി,ദിവ്യകാരുണ്യ ധ്യാനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.മാർച്ച് 30ന് വൈകിട്ട് 4ന് കുരിശുമല വിശുദ്ധ പത്താംപിയൂസ് ദേവാലയത്തിൽ നിന്ന് തീർത്ഥാടന പതാക പ്രയാണം ആരംഭിക്കും.തുടർന്ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ പതാക ഉയർത്തുന്നതോടെ തീർത്ഥാടനത്തിന് തുടക്കമാകും. തുടർന്ന് സംഗമവേദിയിൽ നിന്ന് വിശുദ്ധ കുരിശിന്റെ സന്നിധിയിലേക്ക് ദിവ്യജ്യോതി പതാക പ്രയാണം നടക്കും.വൈകിട്ട് 4.45ന് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.വൈകിട്ട് 6.30ന് നടക്കുന്ന തീർത്ഥാടന ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ഡോ.വിൻസെന്റ്.കെ.പീറ്റർ ആമുഖസന്ദേശം നൽകും.കെ. മുരളീധരൻ മുഖ്യസന്ദേശം നൽകും.എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,വി.ജോയി,ഡോ.താരാഹൈ കത്ബർട്ട് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |