ലക്‌നൗ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകൻ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബാഗ്പത്ത് സ്വദേശിയായ ഈശ്വരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വേദ്പാൽ അറസ്റ്റിലായിരുന്നു. കുടുംബതർക്കത്തെ തുടർന്നാണ് പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വേദ്‌പാൽ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ,
'തന്റെ ഭാര്യയുമായി ഈശ്വരിന് തെറ്റായ ബന്ധം ഉണ്ടായിരുന്നു. ഇതറിഞ്ഞ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയത്. ജോലിക്കാരനായിരുന്ന ഈശ്വർ ലഭിക്കുന്ന ശമ്പളം മുഴുവൻ ഭാര്യയെയാണ് ഏൽപ്പിച്ചിരുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്'- പ്രതി പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനായി വേദ്പാൽ പിതാവിന്റെ കൊലപാതകത്തിൽ അജ്ഞാതരായ ആളുകൾക്കെതിരെ പരാതി നൽകിയിരുന്നു. വെളളിയാഴ്ച വൈകുന്നേരമായിരുന്നു കൊലപാതകം നടന്നത്. ഈശ്വരുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വേദ്പാലിനെ സംശയം തോന്നിയതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം പുനെയിൽ 38കാരൻ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. മൂന്ന് വയസുകാരനായ ഹിമ്മത് മാധവ് തികേതിയാണ് മരിച്ചത്. പൂനെയിലെ ചന്ദൻ നഗർ പ്രദേശത്തായിരുന്നു സംഭവം. പ്രതിയായ മാധവ് തികേതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയായ സ്വരൂപയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഇതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാകുകയും മാധവ് മകനെയും കൊണ്ട് വീട്ടിൽ നിന്ന് പോകുകയായിരുന്നു. തുടർന്ന് ബാറിലെത്തിയ പ്രതി മദ്യപിക്കുകയും വനപ്രദേശത്തെത്തി മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |