ന്യൂഡൽഹി: പാർലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങളുടെ ശമ്പളം, അലവൻസ്, പെൻഷൻ എന്നിവ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ശമ്പളം നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് 1.24 ലക്ഷം രൂപയായും പ്രതിദിന അലവൻസ് 2,000 ൽ നിന്ന് 2,500 രൂപയായും പെൻഷൻ തുക 25,000 രൂപയിൽ നിന്ന് 31,000 രൂപയായുമാണ് വർദ്ധിപ്പിച്ചത്. വർദ്ധന 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. ശമ്പളം ഇനത്തിൽ അഞ്ചു ലക്ഷത്തിൽ അധികം രൂപ കുടിശ്ശിക ലഭിക്കും. പെൻഷൻ ആനുകൂല്യമായി അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന അധിക തുക 2,500 രൂപയാക്കി വർദ്ധിപ്പിച്ചു.
2018 ഏപ്രിലിലാണ് ഇതിനു മുൻപ് വേതനവും അലവൻസും പരിഷ്‌കരിച്ചത്. ജീവിതച്ചെലവിന് അനുസൃതമായി ശമ്പളം വർദ്ധിപ്പിക്കുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മറ്റ് അലവൻസ്
(ബ്രാക്കറ്റിൽ പഴയത്)
മണ്ഡല അലവൻസ്.............................................. 87,000(70,000)
ഓഫീസ് അലവൻസ്............................................. 75,000(60,000)
ഒാഫീസ് ഫർണീച്ചർ..............................................1,25,000(1,00,000)
ആനുകൂല്യങ്ങൾ
#കുടുംബത്തിനടക്കം പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന സർവീസ് ടിക്കറ്റുകൾ, ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയ്‌ക്കും റോഡ് യാത്രയ്‌ക്കും അലവൻസ്.
#പ്രതിവർഷം 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോ ലിറ്റർ വെള്ളം
# ന്യൂഡൽഹിയിൽ വാടക രഹിത വീട്, സീനിയോറിറ്റി അടിസ്ഥാനമാക്കി ഹോസ്റ്റൽ മുറി, അപ്പാർട്ടുമെന്റുകൾ, ബംഗ്ലാവുകൾ. ഔദ്യോഗിക താമസ സൗകര്യങ്ങൾ ഉപയോഗിക്കാത്തവർക്ക് 2 ലക്ഷം രൂപ പ്രതിമാസ ഭവന അലവൻസ്
# സി.ജി.എച്ച്.എസ് പ്രകാരം എം.പിക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |