
'' തുടർപരാജയങ്ങൾക്കു ശേഷം ഞാൻ എന്നിൽ വിശ്വാസമർപ്പിച്ചു. എന്നിലെ ക്രിക്കറ്ററെ വീണ്ടെടുക്കാൻ ശ്രമിച്ചു. എനിക്ക് ഇപ്പോൾ 31 വയസ്. കുറെ വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. വിജയത്തിലേക്ക് എങ്ങനെ എത്തണമെന്ന് ഉത്തരം കണ്ടെത്തേണ്ടത് ഞാൻ തന്നെയായിരുന്നു. വന്ന വഴിയും പിഴവുകളും അത് തിരുത്തേണ്ടതുമൊക്കെ ഒറ്റയ്ക്കിരുന്ന് ആലോചിച്ചു. വിജയത്തിനു പകുതിയിൽ കൂടുതൽ സഹായിച്ചത് ദൈവമാണ്. ഞാനല്ല ബാറ്റു ചെയ്യുന്നത് എന്ന് ചില സമയത്ത് എനിക്കു തോന്നിയിരുന്നു."" - ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിലെത്തിയ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
''എന്റെ വിജയത്തിന് ഞാൻ എനിക്കു തന്നെയാണ് നന്ദി പറയുന്നത്. ന്യൂസിലാൻഡ് പരമ്പര കഴിഞ്ഞപ്പോൾ ആദ്യം ചെയ്തത് ഫോൺ ഓഫ് ചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഓഫ് ചെയ്തു. ഭാര്യയും എന്റെ സുഹൃത്തും മാത്രമാണ് കൂടെയുണ്ടായിരുന്നത്.""- സഞ്ജു പറഞ്ഞു.
ഏകദിനടീമിലേക്ക് പ്രതീക്ഷിക്കാമോ?
ഞാൻ ക്രിക്കറ്റ് ആഘോഷിക്കുകയാണ്. ഇനി ശ്രദ്ധിക്കുന്നത് ഐ.പി.എല്ലിൽ ആണ്. അവിടെ നന്നായി കളിക്കണം.
പത്താം വയസിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും പ്രാക്ടീസ് ചെ്യതു തുടങ്ങിയതാണ്. അണ്ടർ 19 കളിച്ചു, രഞ്ജി ട്രോഫി കളിച്ചു. കുറെ വർഷങ്ങളായി എന്റെ ശ്രമങ്ങൾക്ക് ദൈവം തന്ന അനുഗ്രഹമാണ് ഇപ്പോഴത്തെ നേട്ടം.
ന്യൂസിലാൻഡുമായുള്ള പരമ്പരയിലെ നിരാശ ?
ഞാൻ കുറച്ച് വിഷമിച്ചാണ് നാട്ടിൽ നിന്നും പോയത്. നല്ല സപ്പോർട്ട് കിട്ടിയിട്ടും വിചാരിച്ചതുപോലെ കളിക്കാൻ പറ്റിയില്ല. അതിനെക്കാളും വലിയൊരു സംഭവം മുകളിൽ നിന്നും പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.
ഐ.പി.എല്ലിൽ ധോണിയുടെ ടീമിലേക്കാണ് പോകുന്നത് ?
ആദ്യമായിട്ടാണ് ഒന്നിച്ച് കളിക്കാൻ പോകുന്നത്. അതിന്റെയൊരു എക്സൈറ്റ്മെന്റ് തീർച്ചയായിട്ടും ഉണ്ട്. അദ്ദേഹം കളിയെ എങ്ങനെ സമീപിക്കുന്നു,എങ്ങനെ നയിക്കുന്നുവെന്ന് നേരിട്ട് മനസിലാക്കാനുള്ള അവസരമായിട്ടുകൂടിയാണ് ഞാനിതിനെ കാണുന്നത്.
'തല'യുടെ ടീമിൽ 'ചിന്നത്തല'യാകുമോ?
നമ്മൾ നമ്മളായി തന്നെ പോയാൽ മതി. വേൾഡ് കപ്പ് കളിച്ച അതേ രീതിയിലായിരിക്കും ഐ.പി.എല്ലിലും കളിക്കുക.
ഐ.പി.എല്ലിൽ ആദ്യ മാച്ച് രാജസ്ഥാൻ റോയൽസിനെതിരെയാണ് ?
രാജസ്ഥാനുമായി വൈകാരികമായ ബന്ധം ഉണ്ട്. പക്ഷെ, ഗ്രൗണ്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ വൈകാരികമായ ഒന്നിനെ കുറിച്ചും ഞാൻ ആലോചിക്കാറില്ല. മാച്ചിനും മുമ്പും ശേഷവും സ്നേഹവും ബഹുമാനവും ഉണ്ടാകും.
ചേട്ടാ.... വിളി ബ്രാൻഡ് നെയിം ആയോ?
മലയാളികൾ പവർ ഫുൾ ആണ്. എവിടെ പോയാലും ബഹുമാനം കിട്ടും. അത് നമ്മൾ ആളുകളോട് സംസാരിക്കുന്ന, പെരുമാറുന്ന രീതിയുടേതാണ്. നാടിന് നല്ല പേര് വരുത്തണം എന്നാണ് ആഗ്രഹം. ചേട്ടാ എന്ന പേര് എല്ലാവരും ഏറ്റെടുത്തെങ്കിൽ വലിയ സന്തോഷം. വലിയ ചേട്ടന്മാരൊക്കെ എന്നെ ചേട്ടാ... എന്നാണ് വിളിക്കുന്നത്.
കളിക്കിടയിൽ തള്ളവിരൽ ഉയർത്തി കാണിക്കുന്നതിന്റെ രഹസ്യം ?
അത് തംസ് അപ്പ് അല്ല, അത് സ്വകാര്യമായിട്ടൊള്ളൊരു പ്രവർത്തിയാണ്. പ്രാർത്ഥനയായി കരുതാം.
സഞ്ജുവിനെ വെസ്റ്റ് ഇൻഡീസിനെതിരെ കളിപ്പിച്ചതാണ് മികച്ച തീരുമാനമെന്നാണ് റിക്കിം പോണ്ടിംഗ് പറഞ്ഞത്?
ഇത്രയും വലിയൊരു ആൾ അങ്ങനെ പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
പരാജയങ്ങളുടെ പാഠം
എനിക്ക് വ്യക്തിപരമായി വിജയങ്ങളെക്കാൾ കൂടുതൽ കിട്ടിയത് പരാജയങ്ങളാണ്. പരാജയങ്ങളിൽ നിന്നും പാഠം പഠിച്ചുപെട്ടെന്ന് തിരിച്ചുവരാൻ കഴിഞ്ഞു. കൂടുതൽ വലിച്ചടിക്കേണ്ട ആവശ്യമില്ലെന്നു തോന്നി.
വേൾഡ് കപ്പിലെ പ്രിയപ്പെട്ട ഇന്നിംഗ്സ്?
വെസ്റ്റ് ഇൻഡിസിനെതിരെ 97റൺസടിച്ചതാണ് ഏറ്റവും പ്രിയപ്പെട്ടത്. ഞാൻ ക്രീസിൽ നിൽക്കുമ്പോൾ തന്നെ വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നു. അത് കറക്ടായി മാനേജ് ചെയ്യാൻ പറ്റി. ചേസ് ചെയ്ത് വിജയ റൺ വരെ നേടാൻ കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |