
ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐ.സി.യു.വിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിലെ ട്രോമാ കെയർ വിഭാഗത്തിലെ ഐ.സി.യു.വിൽ ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. സംഭവത്തിൽ 11 ജീവനക്കാർക്ക് പൊള്ളലേറ്റു. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐ.സി.യു.വിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം,കനത്ത പുക ഉയർന്നതിനെ തുടർന്ന് ഐ.സി.യുവിൽ ഉണ്ടായിരുന്ന രോഗികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഒഡീഷ സർക്കാർ ഉത്തരവിട്ടു.
മുഖ്യമന്ത്രി മോഹൻ ചരൺ മാജി,ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ഇന്നലെ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 25 ലക്ഷവും അനുവദിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |