തിരുവനന്തപുരം: 'ഡിജിറ്റൽ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പൊലീസ് നടപടി ശക്തമാക്കി. ഓൺലൈൻ ഗെയിമുകൾ, സമൂഹമാദ്ധ്യമങ്ങൾ, അശ്ലീല വെബ്സൈറ്റുകളിലടക്കം അടിമകളായി ജീവിതം കൈവിട്ടുപോകുന്ന കുട്ടികൾക്കാണ് പൊലീസ് രക്ഷകരാകുന്നത്. രണ്ടുകൊല്ലത്തിനിടെ രക്ഷിച്ചത് 1700 കുട്ടികളെ.
പൊലീസ് ഏർപ്പെടുത്തിയ ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ) കേന്ദ്രങ്ങൾ വഴിയാണിത്. മൂന്നുമാസം വരെ മന:ശാസ്ത്ര ചികിത്സയും, കൗൺസലിംഗ് അടക്കം നൽകിയാണ് ഡിജിറ്റൽ ആസക്തിയിൽ (ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം) നിന്ന് കുട്ടികളെ മോചിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ കേന്ദ്രങ്ങളുള്ളത്. എല്ലാ ജില്ലകളിലും തുറക്കാൻ സർക്കാരിന് ശുപാർശ നൽകി. 35 കോടി ചെലവ് വരും. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജീതാബീഗത്തിനാണ് ഡി-ഡാഡിന്റെ ഏകോപനച്ചുമതല.
ചൈൽഡ് സൈക്കോളജിസ്റ്റ്, പൊലീസ് കൗൺസലർ എന്നിവർ കേന്ദ്രങ്ങളിലുണ്ട്. സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകും. ദൂഷ്യവശങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും പറഞ്ഞ് മനസിലാക്കും. കൗൺസലിംഗിനെത്തിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ഏറെയും 14- 17
വയസുള്ളവർ
14- 17 വയസുകാരാണ് ഡിജിറ്റൽ ആസക്തിയുള്ളവരിലേറെയും. ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്
എത്രത്തോളം ഡിജിറ്റൽ അഡിക്ഷനുണ്ടെന്ന് ശാസ്ത്രീയമായി മനസിലാക്കിയാകും കൗൺസലിംഗ്, തെറാപ്പി, മാർഗനിർദ്ദേശങ്ങൾ നൽകുക
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ മാനസികാരോഗ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ,സൈബർസെൽ എന്നിവയുടെ സഹകരണവുമുണ്ട്
24 മണിക്കൂറും വിളിക്കാം
ഡിജിറ്റൽ ആസക്തി, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠനപ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചടക്കം 9497900200 നമ്പറിൽ 24മണിക്കൂറും വിളിക്കാം. പെരുമാറ്റ, മാനസിക, ഉറക്ക പ്രശ്നങ്ങളും പഠനക്ഷമതയിൽ കുറവുമൊക്കെയാണ് ഡിജിറ്റൽ അഡിക്ഷൻ പ്രത്യാഘാതങ്ങൾ.
ഫലപ്രദം: മുഖ്യമന്ത്രി
ഡിജിറ്റൽ ആസക്തിയുള്ള കുട്ടികളും യുവാക്കളും കൗൺസലിംഗിനായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ബോധവത്കരണം നൽകുന്നുണ്ട്.
''രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് കുട്ടികൾക്ക് ഡിജിറ്റൽ ഡി-അഡിക്ഷൻ നൽകുന്നത്. ഫലപ്രദമായ പദ്ധതിയാണിത്
-എസ്.അജീതാബീഗം,
തിരു.റേഞ്ച് ഡി.ഐ.ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |