ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ മരണത്തിലേക്ക് തള്ളിവിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സുപ്രീംകോടതി പത്തംഗ ദേശീയ ദൗത്യസേന രൂപീകരിച്ചു. കേരളത്തിൽ വിവാദമായ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവും കോടതി ചൂണ്ടിക്കാട്ടി.
ജാതിവിവേചനം, റാംഗിംഗ്, ലൈംഗികാതിക്രമം, പഠനഭാരം തുടങ്ങിയ കാരണങ്ങളാൽ ആത്മഹത്യ വർദ്ധിക്കുന്നതായി കോടതി പറഞ്ഞു. സുപ്രീംകോടതി റിട്ട. ജഡ്‌ജി എസ്. രവീന്ദ്ര ഭട്ടാണ് ദൗത്യസേനയുടെ അദ്ധ്യക്ഷൻ.
ശക്തവും സമഗ്രവുമായ സംവിധാനം വേണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡൽഹി ഐ.ഐ.ടിയിൽ ജാതിവിവേചനം നേരിട്ടതിതിനെ തുടർന്ന് പട്ടികവിഭാഗത്തിലെ ആയുഷ് അഷ്‌ന,അനിൽകുമാർ എന്നിവരുടെ ആത്മഹത്യ സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് ഇടപെടൽ. രണ്ടു സംഭവങ്ങളിലും കേസെടുത്ത് അന്വേഷിക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. ഇത്തരം വിഷയങ്ങളിൽ ഉടനടി എഫ്.ഐ.ആർ എടുക്കണം.
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല, മുംബയ് ടി.എൻ. ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ പട്ടികവർഗ വിദ്യാർത്ഥിനി പായൽ തഡ്‌വി എന്നിവരുടെ മരണം രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു.
ദൗത്യസേനയുടെ ചുമതല
1. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ ഓരോന്നായി കണ്ടെത്തണം
2. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കണം
3. എല്ലാ വിദ്യാർത്ഥികൾക്കും തുല്യാവസരം ഉറപ്പാക്കുന്ന സംവിധാനം ശുപാർശ ചെയ്യണം.
ഇടക്കാല റിപ്പോർട്ട് 4 മാസത്തിനകം
ദൗത്യസേനയ്ക്ക് പ്രവർത്തനം ആരംഭിക്കാൻ രണ്ടാഴ്ചയ്‌ക്കകം 20 ലക്ഷം രൂപ കേന്ദ്രം സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കണം. നാലു മാസത്തിനകം ഇടക്കാല റിപ്പോർട്ടും, എട്ടുമാസത്തിനകം അന്തിമറിപ്പോർട്ടും കൈമാറണം
ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടാണ് സമിതി ചെയർപേഴ്സൺ. മാനസികാരോഗ്യവിദഗ്ദ്ധനായ ഡോ.അലോക് സരിൻ, സെന്റർ ഫോർ വിമൻസ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്‌ടർ പ്രൊഫ.മേരി ഇ.ജോൺ തുടങ്ങി 9 അംഗങ്ങൾ
സംസ്ഥാനങ്ങളിൽ ഉന്നതവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി ചീഫ് സെക്രട്ടറി നിയോഗിക്കണം. കേന്ദ്ര ഉന്നതവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയാണ് കൺവീനർ
എക്‌സ്-ഒഫിഷ്യോ അംഗങ്ങൾ: കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, സാമൂഹ്യനീതി സെക്രട്ടറി, വനിതാ-ശിശുവികസന സെക്രട്ടറി, നിയമകാര്യ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |