കോഴിക്കോട്: ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്ത് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.സി.എ.ആർ ഐ.ഐ.എസ്.ആർ). സ്‌പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചിച്ചേർത്ത ശർക്കര) എന്ന പുതിയ ഉല്പന്നം സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി വിഭാഗമാണ് വികസിപ്പിച്ചത്.
ശർക്കരക്കു പകരമായി ഷുഗർ ക്യൂബ്സ് മാതൃകയിൽ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശർക്കരയുടെ കട്ടകൾ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേർത്ത് തയ്യാറാക്കുകയാണിവിടെ. ഇഞ്ചി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. മായം ചേർത്തുവരുന്ന ശർക്കരക്ക് പ്രതിവിധിയാണ് ഈ ഉത്പന്നം.
ഉപയോഗിക്കാൻ സൗകര്യപ്രദമായ രീതിയിൽ നാലു ഗ്രാം വരുന്ന ക്യൂബുകളായാണ് ഇവ വരുന്നത്. ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. ചൂടുവെള്ളത്തിലോ, ചായ, കാപ്പി പോലുള്ള പാനീയങ്ങൾക്കോ 150 മില്ലി വരുന്ന ഒരു ഗ്ലാസിന് മൂന്നു ക്യൂബ് എന്ന അളവിൽ ഇത് ഉപയോഗിക്കാം. സുഗന്ധവ്യന്ജനകളുടെ സത്താണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനാൽ ശർക്കരയിലടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനത്തിന്റെ നൂറു ശതമാനവും തയ്യാറാക്കുന്ന പാനീയത്തിൽ ലയിച്ചു ചേരും. ജലാംശം തീരെ കുറഞ്ഞ ക്യൂബുകൾ കേടുകൂടാതെ എട്ടു മാസത്തോളം അന്തരീക്ഷതാപനിലയിൽ സൂക്ഷിച്ചു വയ്ക്കാനുമാവും.
സുഗന്ധവ്യഞ്ജന രുചിയോടെ തീർത്തും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനാവുന്ന ശർക്കരയുടെ ക്യൂബുകൾക്ക് വിദേശത്തുൾപ്പെടെ മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്ന് ഐ.സി.എ.ആർ ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ.ആർ. ദിനേശ് പറഞ്ഞു. ശാസ്ത്രജ്ഞരായ ഡോ. ഇ. ജയശ്രീ, ഡോ. അൽഫിയ. പി.വി, ഡോ. അനീസ്. കെ , ഡോ. പി. രാജീവ്, ഡോ. സി. ശാരതാംബാൾ, ഗവേഷക വിദ്യാർത്ഥി മീര മോഹൻ എന്നിവരടങ്ങിയ സംഘമാണ് ശർക്കര ക്യൂബിന്റെ ഉല്പാദനത്തിൽ പ്രവർത്തിച്ചത്. കുറച്ചു ദിവസം മുൻപ് സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് ഇവയുടെ വാണിജ്യോൽപ്പാദനത്തിനുള്ള ലൈസൻസ് തൃശ്ശൂരുള്ള സിഗ്‌നേച്ചർ ഫുഡ്സ് എന്ന സ്ഥാപനത്തിന് കൈമാറി. ഉത്പ്പന്നത്തിന്റെ പേറ്റന്റിനും സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |