
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ ചിറകടിച്ചുയർന്ന് കോഴിവില. ഒരു കിലോ ലൈവ് കോഴിക്ക് തെക്കൻ കേരളത്തിൽ 170 രൂപ മുതൽ 190 രൂപ വരെയാണ് വില. ക്രിസ്മസിന് 165 രൂപയായിരുന്നു. വടക്കൻ ജില്ലകളിൽ ഇപ്പോൾ 280 രൂപ വരെയുണ്ട് .80 രൂപയാണ് ഒരാഴ്ചയ്ക്കിടയിൽ വർദ്ധിച്ചത്. എന്നാൽ കെപ്കോയിലാകട്ടെ ഒരുകിലോ ഫ്രഷ് ചിക്കന് 240 രൂപ മാത്രമേയുള്ളൂ.
ശബരിമല സീസണിൽ കോഴിയിറച്ചിക്ക് വിലകുറയുകയാണ് പതിവ്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി ഭീതിയുണ്ടായെങ്കിലും അതും വില കുറയുന്നതിന് കാരണമായില്ല.
തമിഴ്‍നാട് തിരുപ്പൂർ ജില്ലയിലെ പല്ലടം ആണ് പ്രധാന കോഴിവളർത്തൽ കേന്ദ്രം. ഇവിടെ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്‌ക്ക് പ്രധാന കാരണം. സംസ്ഥാനത്തെ ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞതിനാൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൻകിട കോഴിഫാമുകൾ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം 9 മുതൽ 10 ലക്ഷം വരെ കോഴികളെയാണ് വിൽപ്പന നടത്തുന്നത്. വില കൂടിയതോടെ വില്പനയും കുറഞ്ഞെന്നും കോഴിവരവ് കുറഞ്ഞാൽ വില ഇനിയും കൂടുമെന്നും വ്യാപാരികൾ പറയുന്നു.
കോഴിക്കണക്ക് (കിലോയിൽ):
തെക്കൻ ജില്ലകളിൽ വില- 190 രൂപ വരെ
വടക്കൻ ജില്ലകളിലെ വില- 280 രൂപ വരെ
കെപ്കോ ഫ്രഷ് ചിക്കൻ വില -240 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |