കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് പുറത്ത്. ഷൈനിയുടെയും മക്കളുടെയും മരണം ഭർത്താവ് നോബിയുടെ ക്രൂരമായ മാനസിക പീഡനം മൂലമാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെതിരെയാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഷൈനിയും മക്കളും മരിക്കുന്നതിന് തലേദിവസം നോബി ഫോണിൽ വിളിച്ച് സമ്മർദ്ദത്തിലാക്കി. കൂട്ട ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഈ ഫോൺ വിളിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. 'നീ നിന്റെ രണ്ട് മക്കളെയും വച്ചുകൊണ്ട് അവിടെതന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേയ്ക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടേ'- എന്നാണ് നോബി ഷൈനിയോട് പറഞ്ഞത്. പ്രതി ആത്മഹത്യാപ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നോബിയുടെയും ഷൈനിയുടെയും ഫോൺ പരിശോധനാഫലത്തിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് പൊലീസ് അറിയിച്ചത്. നോബിക്കെതിരെ കഴിഞ്ഞവർഷം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഷൈനി ഗാർഹിക പീഡനത്തിന് നൽകിയ പരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
ഷൈനിയുടെയും മക്കളുടെയും മരണത്തിന് തലേന്ന് നോബി മദ്യലഹരിയിലാണ് ഷൈനിയെ വിളിച്ചത്. വിവാഹമോചനം നൽകില്ലെന്നും കുട്ടികൾക്ക് ചെലവിന് പണം തരില്ലെന്നും ഇയാൾ ഷൈനിയോട് പറഞ്ഞിരുന്നു. കൂടാതെ അച്ഛന്റെ ചികിത്സയ്‌ക്കായി എടുത്ത വായ്‌പയിൽ നിന്നും നോബി കൈയൊഴിഞ്ഞു. ഇതോടെ ഷൈനി കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |