റിലീസിന് മുമ്പേ റെക്കോർഡ് സൃഷ്‌ടിച്ച ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാൽ ശബരിമലയിലെത്തി മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് കഴിച്ച ചീട്ട് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്.
ഇതുവരെ 55 ചിത്രങ്ങളിലാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയത്. ഇച്ചാക്ക എന്ന് മോഹൻലാൽ വിളിക്കുന്ന മമ്മൂട്ടി അദ്ദേഹത്തിന് സഹോദര തുല്യനാണ്. അതുപോലെ ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറയുകയാണ് പൃഥ്വിരാജ്.
'മമ്മൂട്ടി സാറിന്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെയുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ നിയമങ്ങൾ ആ വീട്ടിലുള്ളവരും അവിടെ വരുന്നവരും പാലിക്കണം. എന്നാൽ, അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമാണ് മാറ്റപ്പെടുന്നത്. അത് മോഹൻലാൽ സാറിന് വേണ്ടി മാത്രമാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല ', പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി മോഹൻലാൽ എത്തിയിരുന്നു. 'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല', - മോഹൻലാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |