കൊടുമൺ : പൂര ലഹരിയിൽ ജനസഞ്ചയം ആറാടിയ നിമിഷങ്ങളിലായിരുന്നു കൊടുമൺ ദേശം ഇന്നലെ. വൈകുണ്ഠപുരവാസന്റെ തിടമ്പേറ്റി ചിറക്കര ശ്രീറാം എന്ന ഗജവീരനും മറ്റു ഗജവീരന്മാരും ക്ഷേത്ര സന്നിധിയിൽ പൂരത്തിനായി അണിനിരന്നപ്പോൾ അറുകാലിക്കൽ സച്ചിദാനന്ദനും 30 ൽ പരം കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യം പൂരാവേശം ഇരട്ടിപ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്ക് മുകളിൽ വിവിധ വർണങ്ങളിലുള്ള കുടകൾ വിടർന്നപ്പോൾ കാണികൾക്കും ആവേശമായി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആറാട്ട് മഹോത്സവവും എഴുന്നള്ളത്തും. ആറാട്ട് തിരിച്ചെഴുന്നള്ളത്തിനും വൻഭക്ത ജനസഞ്ചയമാണ് കൊടുമൺ ജംഗ്ഷനിൽ എത്തിയത്. തീവെട്ടികളുടെയും താലപ്പൊലികളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേശദേവൻ എഴുന്നെള്ളി. ക്ഷേത്രത്തിലേക്കുള്ള വഴികളിൽ ഭക്തർ നിലവിളക്കൊരുക്കി ദേശദേവനെ വരവേറ്റു. നാദസ്വരകച്ചേരിയും നൃത്തനാടകവും ക്ഷേത്രസന്നിധിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |