തിരുവനന്തപുരം: വീടുകളിൽ മാതാപിതാക്കളുടെ കൺമുന്നിൽപോലും ലഹരി ഉപയോഗിക്കുന്ന മക്കൾ. രാസലഹരിൽ നിത്യേനെയെന്നോണം അക്രമം കാട്ടുന്ന കൗമാരക്കാർ. ഇവരെ ഏറ്റെടുത്ത് ലഹരിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ നൽകി പുനരധിവാസം ഉറപ്പാക്കാൻ പൊലീസ് തയ്യാർ.
മക്കളുടെ ലഹരി ഉപയോഗം വിലക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. ചിലപ്പോൾ ആക്രമിച്ചെന്നിരിക്കും. ലഹരി വാങ്ങാൻ പണം നൽകാത്തതിന് പെറ്റമ്മയെ വരെ കൊന്ന സംഭവങ്ങളുമുണ്ട്.
അമ്മമാർ രഹസ്യമായി പൊലീസിന് വിവരം നൽകിയതോടെയാണ് മക്കളെ കാക്കാനുള്ള ഓപ്പറേഷൻ പൊലീസ് ആരംഭിച്ചത്. 9497927797എന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിലെത്തും. പൊലീസ് വാഹനത്തിൽ പുനരധിവാസ, ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.
15നും 30നുമിടയിൽ പ്രായമായവരെയാണ് ഏറ്റെടുക്കുക. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് മക്കളെ രക്ഷിക്കാനുള്ള ഓപ്പറേഷന് രൂപം നൽകിയത്.
മൂന്നു ദിവസം; 21പേരെ മാറ്റി
വീടുകളിൽ ലഹരി ഉപയോഗിച്ച 21പേരെയാണ് മൂന്നുദിവസം കൊണ്ട് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.സർക്കാരിന്റെയും പള്ളികളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളിലാണ് ലഹരിവിമുക്ത ചികിത്സ. വിദഗ്ദ്ധ ഡോക്ടർമാരെയും കൗൺസലർമാരെയും സജ്ജമാക്കിയിട്ടുണ്ട്. മനഃശാസ്ത്ര, ലഹരി വിമുക്ത ചികിത്സയും കൗൺസലിംഗും തെറാപ്പിയും നൽകും. പൊലീസ് കാവലുണ്ടാകും. രക്ഷിതാക്കൾക്കൊപ്പമായിരിക്കും പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കുക. സർക്കാർ ആശുപത്രികളിൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
രണ്ടു മാസം; 588 പേർ ചികിത്സതേടി
ജനുവരി,ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്തെ ഡിഅഡിക്ഷൻ കേന്ദ്രങ്ങളിൽ 18ന് താഴെയുള്ള 588 കുട്ടികൾ ചികിത്സതേടിയെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 2024ൽ 2880, 2023ൽ 1982, 2022ൽ 1238, 2021ൽ 681 എന്നിങ്ങനെയാണ് ചികിത്സതേടിയത്. എല്ലാ ജില്ലകളിലും ഡി അഡിക്ഷൻ കേന്ദ്രങ്ങളുണ്ട്.
അറിയിക്കാം കൺട്രോൾ റൂമിൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമിൽ ലഹരിയുപയോഗം, വില്പന, കടത്ത് എന്നിവയെക്കുറിച്ച് വിവരം നൽകാം. ഫോൺ: 9497979794
ലഹരിയുപയോഗിക്കുന്ന മക്കളെക്കുറിച്ചുള്ള അമ്മമാരുടെ ഫോൺവിളികളാണ് ദൗത്യം തുടങ്ങാൻ കാരണമായത്. രക്ഷിതാക്കൾ ധൈര്യപൂർവം വിവരം നൽകണം
-മനോജ് എബ്രഹാം
എ.ഡി.ജി.പി, ക്രമസമാധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |