തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുളള വസ്തുത സംസ്ഥാന സർക്കാർ പുറത്ത് കൊണ്ടുവന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പക്ഷെ കേന്ദ്ര ഏജൻസികൾ ഈ വസ്തുത കണക്കിലെടുത്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ഹൈക്കോടതി നിർബന്ധത്തിന് വഴങ്ങിയാണ് കുറ്റപത്രമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കളളപ്പണക്കേസിന്റെ രൂപ തന്നെ മാറിയെന്നും ബിജെപിക്കും ആർഎസ്എസിനും വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തിക്കേടും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താൽപര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് കേസെടുത്തു. ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്.
വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. ശുദ്ധ അസംബന്ധങ്ങളാണ് പറയുന്നത്. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചീറ്റ് നൽകുന്നു. കരുവന്നൂരിൽ മാദ്ധ്യമങ്ങൾക്ക് കേന്ദ്ര ഏജൻസികൾ തെറ്റായ വിവരങ്ങൾ നൽകി'- ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |