തിരുവനന്തപുരം: ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ 13 വയസോ അതിനു മുകളിലോ പ്രായമുണ്ടെങ്കിൽ മാത്രമാണ് ആശ്രിത നിയമനത്തിന് അർഹതയെന്ന് മന്ത്രിസഭ അംഗീകരിച്ച മാനദണ്ഡത്തിൽ പറയുന്നു.
അപേക്ഷകന്‍ 18 വയസോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരിച്ച തീയതി മുതൽ മൂന്ന് വർഷത്തിനകവും, 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷിക്കണം.
വിധവ- വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, മകൾ, അവിവാഹിതരായ ജീവനക്കാരെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും. ആശ്രിതരാണെന്ന് തഹസിൽദാരുടെ സർട്ടിഫിക്കറ്റ് അപേക്ഷ്യ്ക്കൊപ്പം ഹാജരാക്കണം.
ആശ്രിതർ തമ്മിൽ തർക്കമുണ്ടായാൽ വിധവ- വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിന് നിയമനം നൽകും. വിധവ-വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.വിവാഹമോചിതരായ ജീവനക്കാർ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തുപുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിവർക്കും മുൻഗണനാ ക്രമത്തിൽ നിയമനത്തിന് അർഹതയുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ (സഹകരണ ബാങ്കുകളടക്കം) എന്നിവിടങ്ങളിലോ റഗുലറായി ജോലിയിൽ പ്രവേശിച്ചവർക്ക് നിയമനത്തിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യ- ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും നിയമനത്തിന് അർഹതയുണ്ട്.
16-ാം ഒഴിവ് ആശ്രിത
നിയമനത്തിന്
# ക്ലാസ് മൂന്ന്, നാല് തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കും. ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലെ തസ്തികകളിലേയ്ക്കുമാണ് നിയമനം.
# ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികളുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളിൽ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്.
# ഇൻവാലിഡ് പെൻഷണറായ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സർവീസ് നീട്ടികൊടുക്കൽ, പുനർനിയമനം വഴി സർവീസിൽ തുടരവേ മരിച്ചവരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് അർഹത ഉണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |