കോട്ടയം: രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി കോട്ടയം പലതവണ മാറുമ്പോഴും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും കോട്ടയത്താണെന്ന് കണക്കുകൾ. ഇന്നലെ വരെ ജില്ലയിൽ വേനൽ മഴ പെയ്തത് 102 ശതമാനം അധികം. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി മാർച്ചിൽ ശക്തമായ മഴ പെയ്തത് കാർഷിക മേഖലയ്ക്ക് ആശ്വാസമായി. ഈമാസം ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ 41.2 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 83.4 മില്ലീമീറ്റർ. സമീപകാലത്ത് മാർച്ചിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് ഇത്തവണയാണ്. സമീപ ജില്ലകളായ പത്തനംതിട്ടയിൽ 84 ശതമാനവും ഇടുക്കിയിൽ 65 ശതമാനവും എറണാകുളത്ത് 59 ശതമാനവും ആലപ്പുഴയിൽ 53 ശതമാനവും അധിക മഴ ഇക്കാലയളവിൽ പെയ്തു.സാധാരണ മദ്ധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തിരുന്നത് പത്തനംതിട്ടയിലായിരുന്നു.അതേസമയം ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ജില്ലയിൽ മഴയിലുണ്ടായ കുറവ് 52 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വേനൽ മഴയ്ക്കു തുടക്കമിട്ടെങ്കിലും ഏപ്രിലിൽ ചൂട് ശക്തമാകുന്ന കാഴ്ചയായിരുന്നു കണ്ടത്. തുടർന്നു മേയ് പകുതിയോടെ മഴ ശക്തിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |