കോവളം: മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സുവർണ ജൂബിലി നിറവിലേക്ക്. 1500 ഓളം സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷനും നിരവധി സിനിമകളുടെ ചിത്രീകരണത്തിനും തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ വേദിയായിട്ടുണ്ട്. തിരുവല്ലം കുന്നിലുള്ള 75 ഏക്കർ ഭൂമിയിൽ 1975ലായിരുന്നു സ്റ്റുഡിയോ നിർമ്മാണമാരംഭിച്ചത്. 1980ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) നേതൃത്വത്തിലാണ് പ്രവർത്തനമാരംഭിച്ചത്.
ഇപ്പോൾ സുവർണ ജൂബിലിയോടനുബന്ധിച്ച് മുഖം മിനുക്കാനൊരുങ്ങുകയാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. വിഷൻ 2030 പ്രകാരം അഞ്ചുവർഷത്തിനുള്ളിൽ നവീകരണം നടത്തും. നവീകരണപ്രവർത്തനങ്ങൾക്കൊപ്പം നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സജ്ജമാക്കുകയാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ലക്ഷ്യം. കാലഹരണപ്പെട്ട കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും പകരം ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയാണ് നവീകരിക്കുക. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സന്ദർശകർക്ക് സ്റ്റുഡിയോയും വളപ്പും കാണാൻ അവസരമൊരുക്കുന്നതിനും ആലോചനയുണ്ട്.
നവീകരണത്തിന് ചെലവഴിക്കുന്നത് - 150 കോടി (കിഫ്ബി ഫണ്ട്)
രണ്ടുഘട്ടമായാണ് നവീകരണ പ്രവർത്തനം
സജ്ജമാക്കുന്നത്
1) സിനിമ,സീരിയൽ ഷൂട്ടിംഗിന് എത്തുന്നവർക്ക് ടു സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള താമസസൗകര്യങ്ങൾ
2) നൂതന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഡോൾബി അറ്റ്മോസ് സറൗണ്ടഡ് സൗണ്ട് മിക്സിംഗ് സംവിധാനം സ്ഥാപിക്കും
3) സ്റ്റുഡിയോ ഓഫീസിന് അനുബന്ധമായി സൗണ്ട് എഫക്ട്സ് റെക്കാഡിംഗ് സ്യൂട്ട്, ഡിജിറ്റൽ ഇന്റർ മീഡിയേറ്റ് കളർ ഗ്രേഡിംഗ് യൂണിറ്റ് എന്നിവയും സജ്ജമാക്കും
4) ആധുനിക ക്യാമറകൾ,ലൈറ്റുകൾ,അനുബന്ധ ഉപകരണങ്ങൾ എന്നിവയും വാങ്ങും
സിനിമാ മ്യൂസിയവും
സിനിമാമേഖലയുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യ സിനിമാ മ്യൂസിയം സ്ഥാപിക്കും. ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ സ്റ്റുഡിയോ വളപ്പിലാണ് മ്യൂസിയം സ്ഥാപിക്കുന്നത്.
നിലവിലുണ്ടെങ്കിലും
ആദ്യകാല ക്യാമറകൾ,ലൈറ്റുകൾ,അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് നിലവിലുള്ള മ്യൂസിയത്തിലുള്ളത്. സിനിമയുടെ എല്ലാവശങ്ങളും സാധാരണക്കാർക്ക് അറിയുന്നതിനുള്ള സംവിധാനങ്ങളാണ് പുതിയതായി സജ്ജമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |