ആലപ്പുഴ : കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കായൽയാത്ര ആസ്വദിക്കാനായി ആരംഭിച്ച വേഗ, സീ കുട്ടനാട്, സീ അഷ്ടമുടി ബോട്ടുകൾ റെക്കാഡ് കളക്ഷൻ നേടിയതോടെ ഇത്തരം കൂടുതൽ ബോട്ടുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങി ജലഗതാഗത വകുപ്പ്. 30യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ഡസൻ ബോട്ടുകൾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉടൻ നീരണിയും.
അടുത്തമാസം ജില്ലയിൽ കുട്ടനാട് ഭാഗത്തേക്ക് മൂന്ന് ബോട്ട് സർവീസുകൾ ആരംഭിക്കും. ഇവ നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട് 29ന് മാനേജിംഗ് ഡയറക്ടറുടെ സാന്നിധ്യത്തിൽ ആലോചനായോഗം നടക്കും. അരൂരിലെ സ്വകാര്യസ്ഥാപനത്തിനാണ് നിർമ്മാണച്ചുമതല. രണ്ട് പുതിയ വാട്ടർ ടാക്‌സികളുടെ നിർമ്മാണവും പുരോഗമിക്കുന്നു.
120 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ശീതീകരണ സംവിധാനം ഉള്ള 'വേഗ' ബോട്ടും 75യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുമാണ് നിലവിൽ ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നത്. വേഗയിൽ കഴിഞ്ഞ ഒരുവർഷം അഞ്ചുകോടിയിൽ അധികം രൂപ കളക്ഷൻ ലഭിച്ചു. 2022 ഒക്ടോബറിൽ നീരണിഞ്ഞ പുതിയ സീ കുട്ടനാട് ബോട്ടിന് ഇതുവരെ ലഭിച്ചത് അരക്കോടിയോളം രൂപയാണ്. റെക്കാഡ് കളക്ഷനാണ് ഇത്. രണ്ട് വർഷം സർവീസ് പൂർത്തിയായ സീ അഷ്ടമുടിയുടെ ഇതുവരെയുള്ള വരുമാനം 1.75 കോടി രൂപയാണ്. വേനലവധി ആരംഭിക്കുന്നതോടെ മുഴുവൻ സീറ്റുകളും എല്ലാദിവസവും ബുക്കിംഗാകും. വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയതിനാൽ അടുത്ത മാസം 4വരെ വേഗ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ല. ആറിന് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രചോദനം വേഗ, സീ കുട്ടനാട് വിജയം
ആലപ്പുഴ മാതാ ജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് നാലിന് തിരിച്ചെത്തുന്നതാണ് വേഗ സർവീസ്
കുടുംബശ്രീ വിളമ്പുന്ന നാടൻ ഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്‌നാക്‌സ് എന്നിവയും ബോട്ടിൽ ലഭിക്കും
40 എ.സി സീറ്റുകളും 80 നോൺ എ.സി സീറ്റുകളുമാണ് ഈ കാറ്റമറൈൻ ബോട്ടിലുളളത്
എ.സി സീറ്റിന് 600 രൂപയും നോൺ എ.സി സീറ്റിന് 400 രൂപയുമാണ് നിരക്ക്
സീ കുട്ടനാടിന് അപ്പർ ഡക്കിന് 500രൂപയും ലോക്കലിന് 400രൂപയുമാണ് നിരക്ക്
വേഗ, സീ കുട്ടനാട് ബുക്കിംഗിന്
9400050325, 9400050326
ഏപ്രിൽ, മേയ് മാസങ്ങളിൽ മിക്കദിവസങ്ങളിലേക്കും വേഗ, സീ കുട്ടനാട് ബോട്ടുകളിൽ സീറ്റ് ബുക്കിംഗായി കഴിഞ്ഞു.
ശനി,ഞായർദിവസങ്ങളിൽ മുഴുവൻ സീറ്റുകളും ബുക്കിംഗാണ്
- ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |