ആലപ്പുഴ: നിർമ്മാണത്തിലിരുന്ന സമാന്തര ബൈപ്പാസിന്റെ മേൽപ്പാലത്തിലെ ഗർഡറുകൾ നിലംപതിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കരാർ കമ്പനി. പ്രോജക്ട് മാനേജർ, എൻജിനീയർമാർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യമായ ഇടവേളകളിൽ നിർമ്മാണസ്ഥലം പരിശോധിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവർ നേരിട്ട് സ്ഥലത്തെത്താതെ മൊബൈൽ ഫോണിലൂടെയാണ് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരുന്നത്. നിർമ്മാണം നടക്കുന്ന ബൈപ്പാസിലെ 17, 18 തൂണുകൾക്കിടയിലെ ഗർഡറുകളും തൂണുകളും ബന്ധിപ്പിച്ചിരുന്ന പ്ലാങ്ക് (തടി പോലുള്ള ഭാഗം) ഇളക്കിമാറ്റാൻ നിർദ്ദേശിച്ചപ്പോൾ തൊഴിലാളികൾ തെറ്റി മറ്റൊരിടത്തെ പ്ലാങ്ക് ഇളക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ കളക്ടർക്കും സംസ്ഥാന സർക്കാരിനും കൈമാറി. അപകടത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനയിൽ മറ്റ് ഗർഡറുകൾ സ്ഥാപിച്ചിരിക്കുന്നത് സുരക്ഷിതമായാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ മാസം മൂന്നിന് രാവിലെ 10.30നായിരുന്നു നാല് ഗർഡറുകൾ ഒന്നിച്ച് നിലംപതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |