തിരുവല്ല : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആറുമാസത്തിനുശേഷം ഉത്തർപ്രദേശിൽ നിന്ന് പിടികൂടി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയിൽ കഴുനാടിയിൽ താഴേവീട്ടിൽ കാളിദാസ് എസ്.കുമാർ (23) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ചശേഷം പ്രണയംനടിച്ച് പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് ഒന്നര വർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസലിംഗ് കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കാളിദാസനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. പൊലീസ് അന്വേഷിച്ച പ്രതി ട്രെയിനിൽ ഉത്തർപ്രദേശ് - ഹരിയാന അതിർത്തിയായ ഫരീദാബാദിലെ ബദർപൂരിലെത്തി. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ചേരിയിൽ നിന്ന് മലയാളി അസോസിയേഷന്റെ സഹായത്തോടെ പ്രത്യേക പൊലീസ് സംഘം പിടികൂടുകയായിരുന്നു. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ച പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് സി.ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |