പത്തനംതിട്ട : ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ സെക്രട്ടറി നിയോഗിച്ചത് അനുസരിച്ച് പൊതുസ്ഥലത്ത് കെട്ടിയ കൊടിതോരണങ്ങൾ നീക്കം ചെയ്ത ശുചീകരണ വിഭാഗം ജീവനക്കാരനെ മർദ്ദിച്ച സി.ഐ.ടി.യു നേതാവിനെ അറസ്റ്റു ചെയ്തു. പത്തനംതിട്ട കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത് വീട്ടിൽ സക്കീറാണ് (58) അറസ്റ്റിലായത്. ജാമ്യത്തിൽ വിട്ടയച്ചു. മൽസ്യ തൊഴിലാളി ബോർഡ് അംഗവും സി.പി.എം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമാണ് സക്കീർ അലങ്കാരത്ത്. പത്തനംതിട്ട നഗരസഭ സെക്രട്ടറിയുടെ മൊഴിപ്രകാരം എസ്.ഐ ബി.കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിടെയാണ് തൊഴിലാളിക്ക് മർദ്ദനമേറ്റത്.
സി.ഐ.ടിയു ജില്ലാ കമ്മിറ്റി ഓഫീസ് സമുച്ചയ ശിലാസ്ഥാപന ചടങ്ങിനായി ടൗൺ സ്ക്വയറിൽ സംഘടന സ്ഥാപിച്ച ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യവേ, ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ശുചീകരണ തൊഴിലാളിയായ കേശവന് മർദ്ദനമേറ്റത്. ബാനറുകളും കൊടികളും കയറ്റിയ വാഹനം തടഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചുകെട്ടിക്കുകയുംചെയ്തു. സി.ഐ.ടി.യു നേതാവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇന്നലെ പണിമുടക്കിയിരുന്നു. കേശവന് അടുത്തിടെ ന്യൂറോ സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞ തലയുടെ ഭാഗത്താണ് മർദ്ദനമേറ്റത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് അന്ന് ശസ്ത്രക്രിയ ചെലവിന് തുക കണ്ടെത്തിയത് . പത്തനംതിട്ട ജനറൽആശുപത്രിയിൽ ചികിത്സയിലാണ് കേശവൻ.
കേശവനും സി.ഐ.ടി.യു യൂണിയനിൽപ്പെട്ട തൊഴിലാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |