ഗോഹട്ടി : പുതിയ സീസണിലെ രണ്ടാം മത്സരത്തിലും തോൽക്കേണ്ടിവന്നത് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് മേൽ സമ്മർദ്ദമേറ്റുന്നു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനായിരുന്നു റോയൽസിന്റെ തോൽവിയങ്കിൽ രണ്ടാം മത്സരത്തിൽ മുട്ടുകുത്തിയത് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നിലാണ്.
രാജസ്ഥാൻ റോയൽസിനെ എട്ടുവിക്കറ്റിനാണ് കൊൽക്കത്ത കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ കൊൽക്കത്ത 17.3 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. കൊൽക്കത്ത ബൗളർമാർ ആധിപത്യം പുലർത്തിയ ഗോഹട്ടിയിലെ പിച്ചിൽ യശസ്വി ജയ്സ്വാൾ (29),റിയാൻ പരാഗ് (25),ധ്രുവ് ജുറേൽ (33) എന്നിവർക്ക് മാത്രമേ രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായുള്ളൂ. 97 റൺസുമായി പുറത്താകാതെ നിന്ന ക്വിന്റൺ ഡികോക്കാണ് കൊൽക്കത്തയുടെ ചേസിംഗ് ഈസിയാക്കിയത്. 61 പന്തുകളിൽ എട്ടുഫോറുകളും ആറുസിക്സുകളുമാണ് ഡികോക്ക് പറത്തിയത്. മൊയീൻ അലി (5), നായകൻ അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആൻക്രിഷ് രഘുവംശി 22 റൺസുമായി പുറത്താകാതെ നിന്നു.
റോയൽസിന്റെ വെല്ലുവിളികൾ
1.വിക്കറ്റ് കീപ്പ് ചെയ്യാൻ കയ്യിലെ പരിക്ക് അനുവദിക്കാത്തതിനാൽ ഇംപാക്ട് പ്ളേയറായി ബാറ്റിംഗിൽ മാത്രമാണ് സഞ്ജുവിന്റെ സേവനം ലഭിക്കുന്നത്.
2.സ്ഥിരം നായകന് പകരം ടീമിനെ നയിക്കുന്ന റിയാൻ പരാഗിന് സമ്മർദ്ദഘട്ടങ്ങളിൽ സഞ്ജുവിനെപ്പോലെ ടീമിന് കരുത്ത് പകരാൻ കഴിയുന്നില്ല.
3.ബൗളർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് രണ്ട് മത്സരങ്ങളിലും രാജസ്ഥാന് തിരിച്ചടിയായത്. ഗോഹട്ടിയിൽ കൊൽക്കത്ത ബൗളർമാർ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രാജസ്ഥാൻകാർക്ക് കിട്ടിയത് രണ്ട് വിക്കറ്റുകൾ!
4. ആദ്യ മത്സരത്തിൽ ജൊഫ്ര ആർച്ചർ നാലോവറിൽ 76 റൺസ് വഴങ്ങിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.
5. സ്പെഷ്യലിസ്റ്റ് സ്പിന്നറായ വാനിന്ദു ഹസരംഗയ്ക്ക് രണ്ടാം മത്സരത്തിൽ അവസരം നൽകിയെങ്കിലും പ്രയോജനപ്പെടുത്തിയില്ല.
6. മറ്റ് ടീമുകൾ യുവതാരങ്ങളെ പരീക്ഷിച്ച് വിജയിക്കുമ്പോൾ 13കാരൻ വൈഭവ് സൂര്യവംശിയുൾപ്പടെയുള്ളവരെ റിസർവ് ബഞ്ചിൽ ഇരുത്തിയിരിക്കുകയാണ് രാജസ്ഥാൻ.
ഞായറാഴ്ച രാത്രി 7.30ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |