ന്യൂഡൽഹി: ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ പഞ്ചഗുസ്‌തി താരം ജോബി മാത്യു രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കി ബാത്തിൽ'. ജോബി മാത്യു അയച്ച കത്ത് വായിച്ചുവെന്നും ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്. കത്തിന് നന്ദിയെന്നും മോദി പ്രതികരിച്ചു. ദിവ്യാംഗരായ കളിക്കാർ 18 ദേശീയ റെക്കാർഡുകൾ സൃഷ്‌ടിച്ചു. അതിൽ 12 എണ്ണം വനിതാ കായിക താരങ്ങളാണ്. മലയാളിയായ റാപ്പർ ഹനുമാൻകൈൻഡിനെയും മോദി പരാമർശിച്ചു. പുതിയ ഗാനമായ "റൺ ഇറ്റ് അപ്പ്" വളരെയധികം ശ്രദ്ധനേടുന്നു. കളരിപ്പയറ്റ്,ഗട്ക തുടങ്ങിയ പരമ്പരാഗത ആയോധനകലകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും രാജ്യത്തിന്റെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ കഴിയുന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് മോദി പറഞ്ഞു. രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി,കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസിച്ചു. റംസാൻ ദിനവും പരാമർശിച്ചു.
ജലസംരക്ഷണം
അനിവാര്യം
വേനൽക്കാലം മുൻനിറുത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും ജലസംരക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത് മോദി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആയിരക്കണക്കിന് കൃത്രിമ കുളങ്ങൾ,ചെക്ക് ഡാമുകൾ,കുഴൽക്കിണർ റീചാർജ്,കമ്മ്യൂണിറ്റി സോക്ക് പിറ്റുകൾ എന്നിവ നിർമ്മിക്കുന്നു. മഴത്തുള്ളികളെ സംരക്ഷിക്കുന്നതിലൂടെ വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. വേനലിൽ വീടിന് മുന്നിൽ ഒരു പാത്രം തണുത്ത വെള്ളം സൂക്ഷിക്കുക. മേൽക്കൂരയിലോ വരാന്തയിലോ പക്ഷികൾക്കായി വെള്ളം വയ്‌ക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
'ടെക്സ്റ്റൈൽ വേസ്റ്റ്' വെല്ലുവിളി
തുണിത്തരങ്ങളുടെ മാലിന്യം ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. പഴയ വസ്ത്രങ്ങൾ വേഗം ഉപേക്ഷിച്ച് പുതിയത് വാങ്ങുന്ന പ്രവണത വർദ്ധിക്കുന്നു. ഇവ തുണി മാലിന്യമാകുന്നു. നിരവധി സ്റ്റാർട്ടപ്പുകൾ ടെക്സ്റ്റൈൽസ് റിക്കവറി ഫെസിലിറ്റീസ് എന്ന വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പഴയ വസ്ത്രങ്ങളും ചെരിപ്പുകളും പുനരുപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നു. ചില സംഘടനകൾ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കാവുന്നതാക്കി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |